
05-06-23
വിഴിഞ്ഞം : ഓട്ടോറിക്ഷയിൽ മറന്നുവെച്ച പണവും സ്വർണവും ഉടമയായ വയോധികയെ കണ്ടെത്തി നൽകി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയായ വനിതാ അസി. സബ് ഇൻസ്‌പെക്ടറും.ഓട്ടോ ഡ്രൈവർ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇൻസ്‌പെക്ടറുമായ നസീനാ ബീഗവുമാണ് പാപ്പനംകോട് സ്വദേശിയായ രാജമ്മ എന്ന വയോധികയെ കണ്ടെത്തി ആഭരണവും പണവും തിരികെ ഏൽപ്പിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
പാപ്പനംകോട്ടുനിന്ന് തമ്പാനൂരിലെത്താനാണ് രാജമ്മ ബഷീറിന്റെ ഓട്ടോറിക്ഷയിൽ കയറിയത്. ആലപ്പുഴയിലേക്കു പോകുന്നതിനാണ് തമ്പാനൂരിലെത്തിയത്. ഓട്ടോറിക്ഷയിറങ്ങിയശേഷം ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് പണവും സ്വർണവും കാണാതായത് അറിഞ്ഞത്. വിഷമിച്ച് അവർ തിരികെ വീട്ടിലേക്കു മടങ്ങി.
ഓട്ടോറിക്ഷയുമായി താമസസ്ഥലമായ പാളയത്തെ പോലീസ് ക്വാർട്ടേഴ്‌സിലെത്തിയപ്പോഴാണ് സീറ്റിനടുത്ത് പേപ്പറിൽ പൊതിഞ്ഞ സ്വർണവും പണവും കണ്ടത്. തുടർന്ന് ഭാര്യ നസീനാ ബീഗത്തിനോടു കാര്യം പറഞ്ഞു. അവർ ഇതുമായി തമ്പാനൂരിലെത്തി. തുടർന്ന് പാപ്പനംകോട് ഭാഗത്ത് എത്തി അന്വേഷണം നടത്തി. പോലീസ് സ്‌റ്റേഷനുകളിലും തിരക്കി. നാട്ടുകാരുടെ സഹായത്തോടെയാണ് രാജമ്മയെ കണ്ടെത്തിയത്. രണ്ടുപേർക്കും സ്‌നേഹത്തിന്റെ മുത്തം നൽകിയാണ് വയോധിക സന്തോഷം പങ്കുവെച്ചത്.





Leave a comment