
05-06-23
ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്കിലെ തീവണ്ടി യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു പരശുറാം എക്‌സ്‌പ്രസ് ട്രെയിനിന് ചിറയിൻകീഴിൽ സ്‌റ്റോപ്പ് അനുവദിക്കുക എന്നത്.
റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനും ജനപ്രതിനിധികളടക്കമുള്ളവരും നിരന്തരം റെയിൽവേയോട് അഭ്യർഥിച്ചിരുന്ന ആവശ്യത്തിന് ഒടുവിൽ റെയിൽവേയുടെ പച്ചക്കൊടി. ചൊവ്വാഴ്ച മുതൽ പരശുറാമിന് പരീക്ഷണാടിസ്ഥാനത്തിൽ ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയിൽവേയുടെ ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്.
മുപ്പതുവർഷത്തോളമായുള്ള ആവശ്യമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്. വൈകിയാണെങ്കിലും പരശുറാം എക്‌സ്‌പ്രസിന്റെ പുതിയ ദൗത്യത്തിൽ യാത്രക്കാരോടൊപ്പം നാടും നാട്ടുകാരും ആഹ്ളാദത്തിലാണ്. ‘പരശുറാം എക്‌സ്‌പ്രസ് ഇനി നമ്മുടേതും’ എന്ന ഹാഷ് ടാഗിൽ നവമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നു. സന്ദേശ മാധ്യമങ്ങളിലെ പ്രൊഫൈൽ സ്റ്റാറ്റസുകളായി പരശുറാം എക്‌സ്‌പ്രസിന്റെ ചിത്രം സ്ഥാനംപിടിച്ചു.
ചിറയിൻകീഴ്, ആറ്റിങ്ങൽ, അഴൂർ, കോരാണി, പെരുങ്കുഴി, കിഴുവിലം നിവാസികൾക്ക് ട്രെയിൻ യാത്ര ഇനി കൂടുതൽ സുഗമമാകും. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ചൊവ്വാഴ്ച ചിറയിൻകീഴിലെത്തി സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന കേന്ദ്രമന്ത്രി വൈകീട്ട് ആറിന്, സ്റ്റോപ്പ് അനുവദിച്ച പരശുറാം എക്‌സ്‌പ്രസിന്റെ ഫ്ലാഗ് ഓഫ് ഔദ്യോഗികമായി നിർവഹിക്കും. ശാർക്കര ബൈപ്പാസ് ജങ്ഷനിൽ നടക്കുന്ന പൗരസ്വീകരണത്തിലും മന്ത്രി പങ്കെടുക്കും.
സ്വീകരണവുമായി പാസഞ്ചേഴ്‌സ് അസോസിയേഷൻ
മൂന്ന് പതിറ്റാണ്ടായുള്ള യാത്രക്കാരുടെയും ജനങ്ങളുടെയും സ്വപ്നസാക്ഷാത്കാരമാണ് പരശുറാം എക്‌സ്‌പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ചതെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് 6.03-മുതൽ പരശുറാം ചിറയിൻകീഴിൽ നിർത്തിത്തുടങ്ങും. പരശുറാമിന് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പാസഞ്ചേഴ്‌സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. ഇതിനായി പരിശ്രമിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ, അടൂർ പ്രകാശ് എം.പി., ചിറയിൻകീഴ് റെയിൽവേ വികസന സമിതി ചെയർമാൻ ആർ.സുഭാഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക സംഘടനകൾ എന്നിവർക്കും അസോസിയേഷൻ നന്ദി പറഞ്ഞു.
റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ, പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്, ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും പാസഞ്ചേഴ്സ് അസോസിയേഷൻ നന്ദി പറയുന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.





Leave a comment