
31-05-2023
വർക്കല: പുന്നമൂട് മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വില്പനയ്ക്ക് വച്ച മീനുകളിൽ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ നടന്ന പരിശോധനയിലാണ് അമോണിയയുടെ സാന്നിദ്ധ്യം മീനുകളിൽ കണ്ടെത്തിയത്. വർക്കല നഗരസഭാ ഹെൽത്ത് വിഭാഗവും ഫുഡ് ആൻഡ് സേഫ്ടി വർക്കല സർക്കിൾ ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്. അമോണിയ കലർന്ന 90 കിലോ ചൂര മീൻ പിടിച്ചെടുത്തു. ഐസിട്ട മീനുകൾ മാർക്കറ്റിൽ എത്തിച്ച് മണൽ വിതറി വില്പന നടത്തുന്നത് അനുവദനീയമല്ലെന്ന് വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ ഡോ.പ്രവീൺ .ആർ.പി പറഞ്ഞു. തലയും കുടലും ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാതെ മീൻ ഉണക്കി വിൽക്കുന്നത് മൂലം പെട്ടെന്ന് പുഴുക്കുന്നതിനും കേടാവുന്നതിനും സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുന്നമൂട് മത്സ്യമാർക്കറ്റ് കൂടാതെ കല്ലമ്പലം,നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ മത്സ്യമാർക്കറ്റുകളിൽ നടത്തിയ പരിശോധനയിലും അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഇരുന്നൂറോളം കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. കമ്മീഷൻ ഏജന്റുമാരുടെ ഗോഡൗണുകളിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ട്. എന്നാൽ ചെറുകിട വില്പനക്കാരിലേക്ക് മത്സ്യം എത്തുമ്പോൾ മായം കലരുന്നതായാണ് വ്യക്തമാകുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ടെക്‌നിക്കൽ അസിസ്റ്റന്റ് അജിത, ലാബ് അസിസ്റ്റന്റ് വിനോദ്, ഷീജ.എൻ, വർക്കല നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ് എസ്.ആർ, സോണി.എം, സരിത.എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.





Leave a comment