
24-05-2023
ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം ആർത്തലച്ച് പെയ്‌ത മഴയിൽ ദേശീയ പാത മുങ്ങി. ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിലെ ദേശീയ പാത റോഡിൽ മൂന്നടിയിലേറെ വെള്ളക്കെട്ടുണ്ടായത്. ഇരുചക്രവാഹനങ്ങളെല്ലാം റോഡിൽ കുടുങ്ങി, ചിലത് വെള്ളം കയറി തകരാറിലുമായി. വൈകിട്ട് ആരംഭിച്ച മഴ മണിക്കൂറുകൾ തുടർന്നതോടെ വെള്ളക്കെട്ടും രൂക്ഷമായി. ഇതോടെ ഗതാഗതം താറുമാറായി. രണ്ടുവർഷം മുൻമ്പ് നിമ്മാണം പൂർത്തിയാക്കിയതാണ് റോഡ്
ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ടി.ബി ജംഗ്ഷൻ മുതൽ മൂന്ന് മുക്ക് വരെ 2.3 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡാണ് നവീകരിച്ച് നാലു വരി പാതയാക്കിയത്. 32 കോടിയിലധികം ചെലവഴിച്ചായിരുന്നു നിർമ്മാണം. എന്നാൽ നിർമ്മാണം അശാസ്ത്രീയമെന്ന് പരക്കെ പരാതിയുണ്ടായിരുന്നു. റോഡിന്റെ ചരിവും, മലിന ജലം ഒഴുകി പോകാനുള്ള ബദൽ സംവിധാനവും ഇവിടെ ഒരുക്കിയിട്ടില്ലന്നാണ് ആരോപണം. മഴ വെള്ളം ഒഴുകി പോകാൻ ഒരുക്കിയ സംവിധാനം അപര്യാപ്തമെന്ന് കണ്ടത്തിയിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. മഴയുടെ തീവ്രത കൂടിയാൽ ഇതുവഴിയുള്ള വാഹന ഗതാഗതം തന്നെ നിശ്ചലമാകുന്ന മട്ടാണിപ്പോൾ.





Leave a comment