
22-05-2023
ചിറയിൻകീഴ്: മത്സ്യബന്ധനത്തിന് തടസമായി മുതലപ്പൊഴി അഴിമുഖത്ത് കുന്നുകൂടിയ മണൽ നീക്കം ചെയ്തു തുടങ്ങി. ഹാർബർ എൻജിനീയർ വകുപ്പിന്റെ മേൽനോട്ടത്തിൽ അദാനി ഗ്രൂപ്പിന്റെ 2 ജെ.സി.ബികൾ ഉപയോഗിച്ചാണ് മണൽ നീക്കം ചെയ്യുന്നത്.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം ഇക്കഴിഞ്ഞ ദിവസം ഫിഷറീസ് ഡയറക്ടർ അദീന അബ്ദുള്ള മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് മണൽ നീക്കൽ ദ്രുതഗതിയിൽ ആരംഭിച്ചത്. മുതലപ്പൊഴിയിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മേയ് 16ന് അഴിമുഖത്തെ മണൽത്തിട്ട: ഭീതിയിൽ മത്സ്യത്തൊഴിലാളികൾ എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇനി വരാൻ പോകുന്ന മഴക്കാലത്ത് കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകുമെന്നും അതിനുമുമ്പ് തന്നെ വലിയ തോതിൽ മണൽ നീക്കം ചെയ്തില്ലായെങ്കിൽ മത്സ്യബന്ധനത്തെ അത് സാരമായി ബാധിക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു സംബന്ധിച്ച് ഭാവി തീരുമാനങ്ങൾ എടുക്കുന്നതിനായി താങ്ങുവല അസോസിയേഷന്റെയും ബോട്ട് ഉടമകളുടെയും യോഗവും പുതുക്കുറിച്ചിൽ ചേർന്നു. മണൽ നീക്കുന്നതിന് ഡ്രഡ്ജർ എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകും.
മണൽ അടിഞ്ഞ് കൂടുന്നു
അഴിമുഖത്ത് 70 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലും മണൽ അടിഞ്ഞു കൂടിയതായാണ് കണക്കാക്കുന്നത്. നാല് അടി താഴ്ചയിലാണ് ഇവിടെ മണൽ നീക്കുന്നത്. നീക്കുന്ന മണൽ പെരുമാതുറ തീരത്ത് നിക്ഷേപിക്കും.
മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ
മണൽ നീക്കം ചെയ്യൽ ആരംഭിച്ചെങ്കിലും വലിയ ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കാതെ ജെ.സി.ബി ഉപയോഗിച്ച് നീക്കുന്നതിൽ മത്സ്യത്തൊഴിലാളികൾ അതൃപ്തിയിലാണ്. വലിയ ആഴത്തിൽ മണൽ മാറ്റിയില്ലെങ്കിൽ സമീപഭാവിയിൽ തന്നെ വീണ്ടും മണൽ മൂടാൻ ഇടയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ആറ് അടി താഴ്ചയിലെങ്കിലും മണൽ നീക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇക്കഴിഞ്ഞ ദിവസവും മുതലപ്പൊഴി പ്രവേശന കവാടത്തിലെ മണൽത്തിട്ടയിൽ തട്ടി മത്സ്യ ബന്ധന ബോട്ടിന് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിരുന്നു.





Leave a comment