
17-05-2023
കടയ്ക്കാവൂർ: 136 വർഷത്തെ പാരമ്പര്യമുള്ള കാരിക്കര ആശാൻ മെമ്മോറിയൽ എൽ. പി സ്കൂൾ വികസനപടവുകളേറുന്നു. ഗുരുദേവ പാദസ്പർശമേറ്റതും മഹാകവി കുമാരനാശാൻ പഠിച്ചതും പഠിപ്പിച്ചതുമാണ് കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂൾ. ഈ കാലയളവിൽ സമൂഹത്തിന്റെ നാനാ തുറകളിൽ പല പ്രമുഖ വ്യക്തിത്വങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് ഈ വിദ്യാലയം. 6 വർഷങ്ങൾക്ക് മുൻപ് കുട്ടികളുടെ കുറവ് മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്‌കൂളിനെ നിലനിറുത്താൻ പൂർവ വിദ്യാർത്ഥികളും നാട്ടുകാരും പി.ടി.എയും ചേർന്ന് ഒരു വികസന സമിതി രൂപീകരിച്ചു. തുടർന്ന് സ്കൂളിൽ ഒരു പ്രീ പ്രൈമറി രൂപീകരിക്കുകയും പ്രീ പ്രൈമറി കുട്ടികളുടെ പഠന ചെലവുകളും അദ്ധ്യാപകരുടെ വേതനവും വികസനസമിതി കണ്ടെത്തി നൽകി. ഈ പ്രീ പ്രൈമറി സർക്കാർ ഏറ്റെടുത്ത് അദ്ധ്യാപകർക്കുള്ള വേതനം നൽകുമെന്നുള്ള പ്രതീക്ഷയിലാണ് കുട്ടികളും മാതാപിതാക്കളും.സ്കൂൾ കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനായി എം.എൽ.എ തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ 7.5 സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള സ്കൂളിന് കെട്ടിടം പുതുക്കാൻ സാധിക്കാത്ത സാഹചര്യമാണ്. സ്കൂളിരിക്കുന്ന ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള വസ്തു വിലയാധാരമായി സ്കൂളിന് നൽകാൻ നിയമ തടസമുള്ളതിനാൽ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഭാരവാഹികൾ സമ്മതപത്രം നൽകാമെന്നും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്.





Leave a comment