നീരുറവകളുടെ നാടായ ഇലകമൺ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം

pallithodi-watertank

17-05-2023

ഇടവ: നീരുറവകളുടെ നാടായ ഇലകമൺ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. ചാരുംകുഴികോളനി, തെറ്റിക്കുഴി, കുന്നുംപുറം കോളനി, കായൽപ്പുറം സ്‌കൂൾ പ്രദേശം, തേരിക്കൽകോളനി, ഇലകമൺ വാർഡ്, കളത്തറ വാർഡ് എന്നിവിടങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോഴും കായൽപ്പുറം വാട്ടർ സപ്ലൈ പദ്ധതിയിലൂടെ ജലം പാഴാവുകയാണ്. 10 വർഷം മുൻപ് കായൽപ്പുറം വാട്ടർ സ്കീമിന്റെ നവീകരണത്തിന്റെ ഭാഗമായി ജലസ്രോതസ് നവീകരിക്കുകയും പുതിയ മൂന്ന് മോട്ടോറുകൾ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും നിലവിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കായൽപ്പുറം ഉറവയിലെ ജലം ആലുവിളപ്പുറം വാട്ടർടാങ്കിൽ എത്തിക്കണമെങ്കിൽ തുരുമ്പ് പിടിച്ച പൈപ്പ് ലൈനുകൾ മാറ്റി വ്യാസം കൂടിയ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കേണ്ടിവരും.

ഉയർന്ന പ്രദേശം ഉൾപ്പെടുന്ന ഭാഗങ്ങളിൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിലിൽ പള്ളിത്തൊടി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായെങ്കിലും സംഭരണശേഷി വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞിട്ടില്ല.

ജലജീവൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രമേ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചുകൊണ്ട് കുറച്ചെങ്കിലും പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണ് വാട്ടർ അതോറിട്ടി നൽകുന്ന വിശദീകരണം. പഞ്ചായത്തിലെ റോഡ് കട്ടിംഗ് പെർമിഷൻ ലഭിക്കാത്തത് പ്രധാന പ്രശ്‌നമായി വാട്ടർ അതോറിട്ടി ചൂണ്ടിക്കാട്ടുന്നു.

 പഞ്ചായത്തിലെ 1, 14, 15 , 16 വാർഡുകളിലായി പതിനാറോളം നീരുറവകളാണുള്ളത്. പ്രകൃതിദത്ത നീരുറവകൾ സംരക്ഷിക്കുന്നതിനോ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

 കായൽപ്പുറം വാട്ടർ സപ്ലൈ സ്കീം

1986ൽ ആവിഷ്കരിച്ചതാണ് കായൽപുറം വാട്ടർ സപ്ലൈ സ്കീം. ഈ പമ്പ് ഹൗസിൽ നിന്ന് ജലം ശേഖരിച്ച് 3 കിലോമീറ്റർ ദൂരെയുള്ള ആലുവിളപ്പുറം ജലസംഭരണിയിൽ എത്തിച്ചാണ് ഗ്രാമപഞ്ചായത്തിൽ ജലവിതരണം നടത്തിയിരുന്നത്. വാമനപുരം പദ്ധതിയുടെ ഭാഗമായി 2014 – 2015 കാലയളവിലാണ് മൂന്നരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്ക് ആലുവിളപുറത്ത് കമ്മിഷൻ ചെയ്തത്. കായൽപ്പുറം വാട്ടർ സപ്ലൈ സ്കീം പമ്പ് ഹൗസിൽ 68 ലക്ഷത്തിന്റെ നവീകരണം 2012ൽ നടത്തിയിട്ടും ജലക്ഷാമത്തിന് പരിഹാരമായില്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started