
കടയ്ക്കാവൂർ: ആറ്റിങ്ങൽ മണനാക്ക് റോഡിൽ കൊല്ലമ്പുഴ പാലം മുതൽ തീപ്പെട്ടി ഓഫീസ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ റോഡിലെ വളവിലൂടെയുള്ള യാത്ര അപകടകരം. ദിനംപ്രതി നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് രാത്രി നിയന്ത്രണം തെറ്റിയ കാർ ഓട്ടോയും സ്കൂട്ടറും ഇടിച്ച് തെറിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ആറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
നിരവധി പ്രതിക്ഷേധങ്ങൾക്കൊടുവിലാണ് പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡ് അടുത്തിടെ കുഴികൾ അടച്ച് നവീകരണം നടത്തിയത്. പ്രധാന പ്രശ്നം ഭാരമുള്ള വാഹനങ്ങൾ ഇതിന് മുകളിലൂടെ കടന്നു പോകുന്നതോടെ ടാർ ഇളകി മാറി കൊല്ലമ്പുഴ വളവിൽ വീണ്ടും കുഴികൾ പ്രത്യക്ഷപെടുന്നതാണ്. മഴ പെയ്തു തുടങ്ങിയാൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാണാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടും.
അപകടസാദ്ധ്യത ഏറെയുള്ള പ്രദേശത്ത് രാത്രിയായാൽ തെരുവുവിളക്കുകൾ ഒന്നുപോലും കത്താറുമില്ല.
റോഡിനിരുവശവും താഴ്ന്ന പ്രദേശമായതിനാലും പാഴ് ചെടികൾ വളർന്നു നിൽക്കുന്നത് കൊണ്ടും ഇതുവഴി കാൽനട യാത്രയും ഏറെ ദുഷ്കരമാണ്. ഇതിനുപുറമേ സ്വകാര്യ ബസുകളുടെ അമിത വേഗതയും, ഓവർടേക്കിംഗും കൂടിയാകുമ്പോൾ കൊല്ലമ്പുഴ റോഡ് കാൽനടയാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും അപകട മേഖലയായി മാറിയിരിക്കുകയാണ്.
സഞ്ചാര പാത ആറ്റിങ്ങൽ ദേശീയപാതയിൽ നിന്നും വർക്കല, കടയ്ക്കാവൂർ ഭാഗത്തേക്ക് പോകുന്നതിനായി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പാതയാണിത്. സ്വകാര്യ ബസ് സർവീസ് ഉൾപ്പെടെ നിരവധി യാത്രക്കാർ ദിനംപ്രതി ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്.
ശാശ്വത പരിഹാരം വേണം
പരിഹാരം റോഡിന്റെ വളവു മാറ്റി വീതി കൂട്ടി ഇരുവശവും സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ മാത്രമേ ഇവിടെ നടക്കുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ. താത്കാലിക എളുപ്പത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ യാത്രക്കാർക്ക് കൂടുതൽ വിനയായി മാറുകയാണ്.
പരിഹാരം
വേനൽക്കാലമായതിനാൽ തന്നെ അറ്റകുറ്റപ്പണികൾ നടത്താൻ എളുപ്പമാണ്. ജൂണിൽ മഴ പെയ്തു തുടങ്ങിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്.
പരിഹാരത്തിനായി ചെയ്തത് വിനയായി
റോഡിന്റെ പകുതി ഭാഗം വെട്ടി പൊളിച് മെറ്റൽ ഇട്ടതാണ് ഇപ്പോൾ യാത്രക്കാർക്ക് വിനയായത്. മെറ്റൽ ഇട്ട ഭാഗത്തുകൂടിയുള്ള യാത്ര ഒഴിവാക്കി റോഡിന്റെ ഒരു വശത്തുകൂടി ഇരു വശങ്ങളിലും വരുന്ന വാഹനങ്ങൾ യാത്ര ചെയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. പ്രധാന പ്രശ്നം ഇറക്കവും വളവുമുള്ള പ്രദേശമായതിനാൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് ഡ്രൈവർക്ക് കാണാൻ കഴിയുന്നത്. വശങ്ങളിൽ വലിയ കുഴികളുള്ള ഭാഗമായതിനാൽ ഡ്രൈവർക്ക് വാഹനം ഒഴിച്ച് മാറ്റാൻ സമയം ലഭിക്കാറില്ല. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴാതെ വെട്ടിച്ചു മാറ്റുന്നത് പലപ്പോഴും ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.





Leave a comment