
14-05-2023
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ. കാരിയർമാരും വിൽപ്പനക്കാരുമാക്കാൻ എളുപ്പമുള്ളതിനാൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികളെയാണ് ലഹരിമാഫിയ കെണിയിലാക്കുന്നത്. ഒരുമാസത്തിനിടെ മാതാപിതാക്കളുടെ മൂന്ന് പരാതികളാണ് എക്സൈസിന് ലഭിച്ചത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനികളെക്കുറിച്ചുള്ളതാണ് ഇവ. എക്സൈസും പൊലീസും നടത്തിയ പരിശോധനിയിൽ പല സ്കൂളുകളിലും ലഹരി ഉപയോഗം വൻതോതിലാണെന്ന് കണ്ടെത്തി. വിദ്യാർത്ഥിനികളെ പ്രലോഭിച്ച് ലഹരി നൽകി അവരെ ചൂഷണം ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.
ലഹരിമാഫിയ 10 വയസ് മുതലുള്ള വിദ്യാർത്ഥിനികളെയാണ് ലക്ഷ്യമിടുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ വലയിലാക്കുന്നതായ പരാതികളാണ് എക്സൈസിന് ലഭിക്കുന്നതിലേറെയും. വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കളുള്ളവർ, മാതാപിതാക്കൾ വേർപിരിഞ്ഞു കഴിയുന്നവർ, ആയമാരുടെ സംരക്ഷണയിലുള്ളവർ തുടങ്ങിയ കുട്ടികളെയാണ് ലഹരിമാഫിയ നോട്ടമിടുന്നതെന്നാണ് എക്സൈസ് അന്വേഷണത്തിലെ കണ്ടെത്തൽ.
ലഹരിമാഫിയ വിദ്യാർത്ഥിനികളെ വലയിലാക്കുന്നത് സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാം അടക്കമുള്ളവ വഴിയാണ്. സൗഹൃദം സ്ഥാപിച്ച ശേഷം നേരിൽ കാണാൻ ആവശ്യപ്പെടും. പിന്നീട് മുന്തിയ ഹോട്ടലുകളിലെത്തിച്ച് ഭക്ഷണം വാങ്ങിനൽകും. തുടർന്ന് രാസലഹരിയായ എം.ഡി.എം.എ ഭക്ഷണത്തിൽ അല്പം കലർത്തി നൽകും. ഒരിക്കൽ ഉപയോഗിച്ചാൽ അടിമയാക്കുന്ന ലഹരിയാണിത്. പിന്നീട് ലഹരി ലഭിക്കാൻ കുട്ടികൾ മാഫിയാസംഘത്തിലെ യുവാക്കളുടെ ആജ്ഞയ്ക്കനുസരിച്ച് പ്രവർത്തിക്കും.
ലക്ഷ്യം കച്ചവടം
വിദ്യാർത്ഥിനികളെ മാഫിയാസംഘം ലക്ഷ്യമിടുന്നത് ലഹരിക്കച്ചവടത്തിനും ചൂഷണത്തിനുമാണ്. സ്കൂളുകളിലടക്കം നിറവും മണവുമില്ലാത്ത സിന്തറ്റിക്ക് ലഹരിക്ക് കുട്ടികളെ അടിമകളാക്കുകയാണ് ലക്ഷ്യം. പിന്നീട് ഇവരെ കച്ചവടത്തിനും ലഹരി കടത്തിനുമുപയോഗിക്കും. ഏതാനും വർഷത്തിനിടെ നൂറിലേറെ പരാതികളുണ്ടായിട്ടുണ്ടെങ്കിലും ലഹരി മാഫിയയെ ഇതുവരെ പൂട്ടാനായിട്ടില്ല.
പൂട്ടണമെന്ന് മുഖ്യമന്ത്രി
മൂന്ന് വിദ്യാർത്ഥിനികളെ ലഹരിമാഫിയ വലയിലാക്കിയതായുള്ള മാതാപിതാക്കളുടെ പരാതി മുഖ്യമന്ത്രിയെ എക്സൈസ് ധരിപ്പിച്ചു. ലഹരിമാഫിയയെ പൂട്ടാൻ പൊലീസുമായി ചേർന്ന് സംയുക്ത നടപടികളെടുക്കാനാണ് നിർദ്ദേശം.
വിദ്യാർത്ഥിനികളെ ചൂഷണം ചെയ്യുന്നത് തടയാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസ് സംഘത്തെ നിയോഗിക്കും. സ്കൂൾ പരിസരങ്ങളിൽ എക്സൈസിന്റെ സാന്നിദ്ധ്യവുമുണ്ടാവും. ജൂണിൽ പുതിയ കർമ്മപദ്ധതി നടപ്പാക്കും.





Leave a comment