
13-05-2023
വർക്കല : പാങ്ങോട്ട് വൃദ്ധയെ ആക്രമിച്ച് മാല കവർന്ന കേസിൽ പാങ്ങോട് ചന്തക്കുന്ന് കോളനി സ്വദേശികളായ സുനിൽ (27) , അനിൽ (23) എന്നിവരെ വർക്കല പൊലീസ് പിടികൂടി. മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്ത് ഇവരെ സംശയാസ്പദമായ രീതിയിൽ കാണുകയും പിടികൂടി ചോദ്യംചെയ്തതോടെയുമാണ് കേസിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്.
മേയ് പത്തിന് ന് വൈകിട്ട് 5.30 മണിയോടെയാണ് പാങ്ങോട് പുലിപ്പാറ ശാസ്താംകുന്ന് ഷമീർ മൻസിലിൽ 80 കാരി ആയിഷ ബീവിയെ ആക്രമിച്ചു മാല കവർന്നത്. പ്രതികൾ ഇവരുടെ വീട്ടിൽ രാവിലെ പണിക്ക് പോയിരുന്നു. 11 മണി വരെ ജോലി ചെയ്ത ശേഷം കൂലിയും വാങ്ങിപ്പോയിരുന്നു. ആയിഷ ബീവിയുടെ മകളും മരുമകനും ആശുപത്രിയിൽ പോയ സമയം സുനിലും അനിലും തിരിച്ചെത്തി. വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. ഹാളിൽ കസേരയിൽ ഇരിക്കുകയായിരുന്ന ആയിഷ ബീവിയെ ഇവർ ആക്രമിച്ചു. മുഖത്തും കഴുത്തിലും കൈകൊണ്ട് അമർത്തി മുക്കാൽ പവന്റെ മാലപിടിച്ചു പൊട്ടിച്ച ശേഷം അലമാരയും മറ്റും കുത്തിത്തുറന്ന് കവർച്ച നടത്തി. പ്രതികൾ ആയിഷ ബീവിയുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ആശുപത്രിയിൽ പോകുന്നവഴി വീടിനടുത്ത് ഇവർ നിൽക്കുന്നത് കണ്ടിരുന്നതായി മരുമകനായ നസറുദ്ദീൻ പൊലീസിനെ അറിയിക്കുകയും ചെയ്തു. പ്രതികളെ പാങ്ങോട് പൊലീസിന് കൈമാറിയതായി വർക്കല എസ്.എച്ച്.ഒ സനോജ് .എസ് അറിയിച്ചു.





Leave a comment