
12-05-2023
ആറ്റിങ്ങൽ: ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി വിഛേദിച്ചു, ഓഫീസ് പ്രവർത്തനം അവതാളത്തിൽ. ബിൽ കുടിശ്ശിക അടയ്ക്കാൻ ഉണ്ടെന്ന കാരണം പറഞ്ഞാണ് ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിഛേദിച്ചത്. വേനൽ ചൂടിൽ ഉദ്യോഗസ്ഥർക്ക് ഓഫീസിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പൂർണ്ണമായും ഇ – ഓഫീസാണ്. വൈദ്യുതി മുടങ്ങിയതോടെ ഓഫീസിലെ മുഴുവൻ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് എല്ലാ ഓഫീസ് പ്രവർത്തനവും ഓൺലൈൻ വഴി നടത്തിയിരുന്നത്. ഇതിനാൽ വൈദ്യുതി ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും ഉന്നത ഓഫീസുകളിലേക്കുമുള്ള ഫയൽ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഫെബ്രുവരി മാസം മുതലുള്ള ഇരുപതിനായിരത്തോളം രൂപയാണ് ഇപ്പോൾ കുടിശ്ശിക ഉള്ളത്. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ നിന്നാണ് വൈദ്യുതി ചാർജ് അടയ്ക്കാനുള്ള തുക അനുവദിക്കേണ്ടത്.
വൈദ്യുതി തടസ്സം ഒരു തുടർക്കഥയാണെന്നും വിവിധ വകുപ്പുകൾ തമ്മിലുളള ഏകോപനമില്ലായ്മയാണ് ഇതിനു കാരണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി ബന്ധം അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും കെ.പി.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.





Leave a comment