മുറികളുടെ വാതിലിന് പകരം തുണികൊണ്ടുള്ള കർട്ടൻ, ചാരിവച്ച ബാത്ത്റൂമിന്റെ വാതിൽ: തൃശൂരിൽ വിവാഹം കഴിഞ്ഞയുടൻ ബന്ധം വേർപെടുത്തി യുവതി

09-05-2023

വധു വീട്ടിലേക്ക് കയറാൻ കൂട്ടാകാതെ തിരിഞ്ഞോടുകയായിരുന്നു. ഓടുന്നതിനിടയിൽ ബന്ധം വേർപ്പെടുത്തണമെന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു…

തൃശൂരിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിവാഹം ബന്ധം വേർപെടുത്തി പെൺകുട്ടി. താലി കെട്ടു കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ ശേഷമാണ് യുവതി വിവാഹത്തിൽ നിന്നു പിൻമാറിയത്. വധു വീട്ടിൽ കയറുന്ന ചടങ്ങുകൾക്കിടയിലാണ് പിൻമാറ്റം. ഇതോടെ വരൻ്റെ വീട് സംഘർഷഭരിതമായി മാറുകയായിരുന്നു. വരൻ്റെ വീട് കണ്ടതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധം പിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് മുൻപ് വധു വരൻ്റെ വീട് കണ്ടിരുന്നില്ല. തുടർന്ന് ആദ്യമായി വരൻ്റെ വീട് കണ്ടതോടുകൂടി വിവാഹബന്ധം അവസാനിക്കുകയും ചെയ്തു.  

വധുവിൻ്റെ നിലപാട് ഇരു വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനും വഴിയൊരുക്കി. പിന്നാലെ പൊലീസ് എത്തി വിഷയം പിറ്റേന്ന് ചർച്ച ചെയ്യാമെന്ന് പറഞ്ഞു രം​ഗം ശാന്തമാക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇന്ന്  പൊലീസ് സ്റ്റേഷനിൽ ചർച്ചകൾ നടക്കുമെന്നാണ് സൂചനകൾ. തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് വിവാഹത്തിന്  പിന്നാലെ നാടകീയ സംഭവങ്ങൾ ഉടലെടുത്തത്. കുന്നംകുളം തെക്കോപുറത്താണ് വരൻ്റെ വീടിൻ്റെ ശോചനീയാവസ്ഥ കാരണം വിവാഹം മുടങ്ങിയത്. 

മുഹൂർത്തത്തിനു തന്നെ താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടിയെ വരൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നു. വരൻ്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടെയാണ് വധു വീട് ശ്രദ്ധിച്ചതും പ്രശ്നങ്ങൾ ഉടലെടുത്തതും. പിന്നാലെ വധു വീട്ടിലേക്ക് കയറാൻ കൂട്ടാകാതെ തിരിഞ്ഞോടുകയായിരുന്നു. ഓടുന്നതിനിടയിൽ ബന്ധം വേർപ്പെടുത്തണമെന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു. ഈ വീട്ടിലേക്ക് താൻ വരില്ലെന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. 

ഇതിനിടെ വധു ഓടുന്നതു കണ്ട് വരൻ്റെ ബന്ധുക്കൾ പരിഭ്രമിച്ചു. പിന്നാലെ ചെന്ന് ഇവർ വധുവിനെ ബലമായി തിരികെ കൊണ്ടു വരികയായിരുന്നു. വീട്ടിലേക്ക് കയറുന്ന ചടങ്ങ് തീർക്കാൻ ബന്ധുക്കൾ വധുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ചടങ്ങുകൾ കഴിഞ്ഞശേഷം നമുക്ക് തീരുമാനമെടുക്കാമെന്ന് പറഞ്ഞെങ്കിലും വധു തൻ്റെ നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ ബന്ധുക്കൾ ആശങ്കയിലായി. 

കൂലിപ്പണിക്കാരനാണ് വരൻ. അഞ്ച് സെൻ്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഓടും ഓലയും കുറേ ഭാ​ഗങ്ങൾ ഷീറ്റും ഉപയോ​ഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിക്കു വേണ്ടസ്വകാര്യത പോലും വീട്ടിലില്ലെന്ന് പെൺകുട്ടി പറഞ്ഞു. മാത്രമല്ല വീടിനുള്ളിലെ മുറികളിൽ കതകില്ലെന്നും അതിനുപകരം കർട്ടനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പെൺകുട്ടി ആരോപിച്ചതായാണ് റിപ്പോർട്ടുകൾ. ബാത്ത്റൂം സൗകര്യം പോലും പരിമിതമാണെന്നും യുവതി ചൂണ്ടിക്കാട്ടി. ബാത്ത്റൂമിൻ്റെ വാതിൽ ഇളകി വീണതാണെന്നും ഉപയോഗിക്കണമെങ്കിൽ അത് ചാരിവയ്ക്കമെന്നും പെൺകുട്ടി ആരോപിച്ചു. 

ഇതോടെ വരൻ്റെ വീട്ടുകാർ പ്രതിരോധത്തിലായി. തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാ​ഹ മണ്ഡപത്തിൽ നിന്നു വിളിച്ചു വരുത്തി. ചടങ്ങിൽ പങ്കെടുക്കാണമെന്നും അവരും മകളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി വഴങ്ങിയില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്നം ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർത്തിന്  കാരണമായി. പ്രശ്നം കൈവിട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വധുവിനോട് സംസാരിച്ചു. വീട്ടിൽ കയറിക്കൂടെ എന്ന് വധുവിനോട് പൊലീസ് ചോദിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. 

ഒടുവിൽ വരൻ്റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ വീട്ടുകാരോടും പൊലീസ് സംസാരിച്ചു. അവർക്കും പെൺകുട്ടിയെ തിരിച്ചു കൊണ്ടു പോകണമെന്ന ആഗ്രഹമായിരുന്നു. തുടർന്ന് പൊലീസുകാർ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പിറ്റേ ദിവസം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും പൊലീസ് ബന്ധുക്കളെ അറിയിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started