
02-02-2023
കടയ്ക്കാവൂർ: ചിറയിൻകീഴ് താലൂക്കിലെ പ്രധാന ചന്തകളിലൊന്നായ ചെക്കാലവിളാകം ചന്ത നവീകരണം അനന്തമായി നീളുന്നു. അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം,ചിറയിൻകീഴ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടെ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നത്.

ബലക്ഷയം വന്നതുൾപ്പെടെയുള്ള മുഴുവൻ പഴയ കെട്ടിടങ്ങളും പൊളിച്ച് പുതിയവ നിർമ്മിച്ച് ചന്ത നവീകരിക്കുന്നതിനായിരുന്നു പദ്ധതി. നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷന് സ്ഥലം കൈമാറുന്നതിനായി കച്ചവടക്കാർ മാസങ്ങൾക്ക് മുൻപുതന്നെ സ്റ്റാളുകൾ ഒഴിഞ്ഞ് താക്കോൽ രേഖാമൂലം പഞ്ചായത്തിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ കച്ചവടക്കാർക്ക് പകരം സംവിധാനങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഒഴിപ്പിക്കൽ.
ചന്ത ഒഴുപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ കച്ചവടം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കാൻ അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


Leave a comment