ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക മന്ദിര നിർമാണത്തിന്റെ അടുത്ത ഘട്ടത്തിനു തുടക്കമായി

28-02-2023

ചിറയിൻകീഴ്: ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക മന്ദിര നിർമാണത്തിന്റെ അടുത്ത ഘട്ടത്തിനു തുടക്കമായി. ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപം പഴയ മലയാളം പള്ളിക്കൂട ഭൂമിയിലാണ് സ്മാരകം നിർമിക്കുന്നത്. തുടർനിർമാണത്തിന് കഴിഞ്ഞദിവസമാണ് തുടക്കമായത്. ഒരു വർഷം മുൻപ് നിർമാണം ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം നീണ്ടുപോകുകയായിരുന്നു. പദ്ധതിക്കായി ഇതുവരെ 98 ലക്ഷം രൂപ വിനിയോഗിച്ചു. 15,000 ചതുരശ്രയടിയിൽ ഒരുങ്ങുന്ന മന്ദിരത്തിന്റെ അടിസ്ഥാനമുൾപ്പെടുന്ന നിർമാണമാണ് പൂർത്തിയായത്. 

ആദ്യ നിലയുടെയും ഒന്നാം നിലയുടെയും നിർമാണമാണ് അടുത്തഘട്ടത്തിലുള്ളത്.

മലയാളം പള്ളിക്കൂടത്തിന്റെ 66.22 സെന്റ് ഭൂമി വിദ്യാഭ്യാസവകുപ്പിൽനിന്ന്‌ ഏറ്റെടുത്താണ് സ്മാരകനിർമാണം ആരംഭിച്ചത്. സ്മാരകത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മൂന്നു നിലകളുള്ള മന്ദിരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചലച്ചിത്രവിദ്യാർഥികൾക്കും ചലച്ചിത്രപ്രേമികൾക്കും ഒരുപോലെ സ്മാരകം പ്രയോജനപ്പെടും. 

സ്മാരകത്തിന്റെ താഴത്തെ നില 6,699 ചതുരശ്രയടിയിലാണ് സജ്ജീകരിക്കുന്നത്. ഇവിടെ ഓഫീസ്, മ്യൂസിയങ്ങൾ, ഓപ്പൺ തിേയറ്റർ എന്നിവ സജ്ജമാക്കും. 4,263 ചതുരശ്രയടിയുള്ള ഒന്നാം നിലയിൽ ലൈബ്രറി, കാന്റീൻ, ഗാലറി എന്നിവ ഒരുക്കും. 2.91 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 55 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽനിന്നും 1.35 കോടി രൂപ സാംസ്കാരികവകുപ്പിൽനിന്നും ചെലവഴിക്കും. തുടർന്നുള്ള ഘട്ടത്തിൽ വിശ്രമകേന്ദ്രം, ബോർഡ് റൂം, ശൗചാലയം എന്നിവയും നിർമിക്കും. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 

2020 ഒക്ടോബർ 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർമാണോദ്ഘാടനം നടത്തിയിരുന്നെങ്കിലും കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധിയിൽ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. 

സ്ഥലം എം.എൽ.എ. വി.ശശി ചെയർമാനായി ഏഴംഗങ്ങൾ ഉൾപ്പെടുന്നതാണ് സ്മാരകനിർമാണ ഭരണസമിതി. വി.ശശി എം.എൽ.എ., ജില്ലാപ്പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, പഞ്ചായത്തംഗം മോനി ശാർക്കര, തോന്നയ്ക്കൽ രാജേന്ദ്രൻ, എം.അനിൽ, വിജയദാസ്, ജയകുമാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ തുടർഘട്ട നിർമാണോദ്ഘാടനത്തിൽ പങ്കെടുത്തു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started