
26-02-2023
കടയ്ക്കാവൂർ: വക്കം പഞ്ചായത്തിൽ ജലജീവൻ മിഷൻ രണ്ടാംഘട്ടം പൈപ്പിടലും കണക്ഷനും കൊടുത്തു കഴിഞ്ഞതോടുകൂടി പഞ്ചായത്ത് റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമായ നിലയിലാണ്. പഞ്ചായത്തിലെ തൊണ്ണൂറ് ശതമാനം പഞ്ചായത്ത് റോഡുകളും പൈപ്പിടലിനുവേണ്ടി കുഴിച്ചു. ഇത് തിരികെ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനായി വാട്ടർ സപ്ലൈ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ കുഴിച്ച പ്രദേശങ്ങളിലെ മണ്ണ് കുഴിയോടടുത്ത് തന്നെ കൂട്ടിവച്ചുകൊണ്ട് പേരിന് വേണ്ടി കോൺക്രീറ്റ് ചെയ്തു പോകുന്ന പ്രവണതയാണ് നിലവിൽ തുടരുന്നത്. ടാർ റോഡിൽ ചല്ലിയും മെറ്റിലും നിറയ്ക്കാതെ വെറുതെ കോൺക്രീറ്റ് മാത്രം ചെയ്താൽ ഭാവിയിൽ റോഡ് മെയിന്റനൻസ് സമയത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാകും. ഈ കോൺക്രീറ്റ് ഭാഗത്ത് റോഡ് റോളർ ഓടുകയാണെങ്കിൽ ഈ ഭാഗം താഴ്ന്നു പോകുകയും ടാർ ഈ ഭാഗത്ത് കോൺക്രീറ്റുമായി ചേരാത്ത അവസ്ഥ വരികയും ചെയ്യും. ഇത് വീണ്ടും റോഡിന് ബലക്ഷയം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. കുഴിച്ച മണ്ണ് സമീപത്ത് കൂട്ടിവച്ചിരിക്കുന്നത് മഴപെയ്താൽ റോഡിലേക്ക് ഒലിച്ചിറങ്ങി അപകടങ്ങൾ വരെ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. വക്കം പഞ്ചായത്തിലെ വക്കം പണയിൽകടവ് റോഡ് വർഷങ്ങളായി പൊളിഞ്ഞുകിടക്കുകയാണ്, ഇതുവഴിയുള്ള യാത്ര ഏറെ ദുർഘടം പിടിച്ചതാണ്. എന്നാൽ ഇത് ഒഴിവാക്കാനായി ഇട റോഡുകൾ വഴി പോകാമെന്നു കരുതിയാൽ അവിടെയും അവസ്ഥ ഇതുതന്നെ. പുതിയ പൈപ്പുകൾ സ്ഥാപിച്ചപ്പോൾ കുടിവെള്ളത്തിന് ഇനി മുട്ട് വരില്ല എന്ന് ജനങ്ങൾ അശ്വസിച്ചു. എന്നാൽ ദിവസങ്ങളോളം വെള്ളം വരാത്ത അവസ്ഥയാണ് നിലവിൽ. റോഡും പോയി വെള്ളവും കിട്ടിയില്ല എന്ന അവസ്ഥയിലാണ് ജനങ്ങൾ.


Leave a comment