മെഡി. കോളേജ് ആശുപത്രിയിൽ മുത്തശ്ശിക്കൊപ്പം ചേച്ചിക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

shameer

26-02-2023

തിരുവനന്തപുരം: മെഡി. കോളേജ് ആശുപത്രിയിൽ മുത്തശ്ശിക്കൊപ്പം ചേച്ചിക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പിടികൂടി. ഇടവ കാപ്പിൻ വടക്കേവിള വീട്ടിൽ ഷമീർ എന്ന ബോംബെ ഷമീറിനെയാണ് (36) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. 24ന് രാത്രി 9.30ന് ആയിരുന്നു സംഭവം. പ്രതി കുട്ടിയെ വശീകരിച്ച് ആട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മാഞ്ഞാലിക്കുളം ഭാഗത്തെ ആളൊഴിഞ്ഞ റോഡിൽ ഉപേക്ഷിച്ചു. സംശയാസ്പദമായി പെൺകുട്ടിയെ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നിരവധി പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലും സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഓട്ടോറിക്ഷയുടെ നമ്പർ കാമറ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് ആർ.ടി ഓഫീസിൽ നിന്ന് വിവരം ശേഖരിച്ചാണ് പ്രതിയെ പിടിച്ചത്. വിവിധ ജില്ലകളിലായി മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസ്, അടിപിടി തുടങ്ങി മുപ്പതോളം കേസുകളിലെ പ്രതിയാണ് ഷമീർ. 6 മാസത്തിന് മുമ്പ് ഉള്ളൂരിന് സമീപം വൃദ്ധയുടെ മാലപൊട്ടിച്ച കേസിൽ ഷമീർ അറസ്റ്റിലായിരുന്നു. സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അജിത്തിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത് സി.പി, പ്രിയ, എ.എസ്.ഐ ശ്രീകുമാർ, സീനിയർ സി.പി.ഒമാരായ അനിൽ കുമാർ, നാരായണൻ, ബിനു, പ്രസാദ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started