ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തു‌ടക്കം

kaliyoot

24-02-2023

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തു‌ടക്കം. ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിളള സ്ഥാനിയായ ശാർക്കര ഐക്കരവിളാകം കുടുംബാംഗം കാരേറ്റ് പേടികുളം സരസ്വതി ഭവനിൽ ജി.ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ കാരണവർ കൊച്ചുനാരായണപിളളയുടെ മകൻ ഉണ്ണികൃഷ്ണന് കൈമാറിയാണ് ഉത്സവത്തിന്റെ കുറികുറിക്കൽ ചടങ്ങ് നിർവ്വഹിച്ചത്.

ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഇന്നലെ രാവിലെ 8നാണ് കാളിയൂട്ടിന് തുടക്കംകുറിക്കുന്ന കുറി കുറിക്കൽ ചടങ്ങ് നടന്നത്. ഇതോടെ 9 ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി. കാളീനാടകത്തിലെ ഓരോരോ രംഗങ്ങൾ അരങ്ങേറുന്നത് അത്താഴ ശീവേലിക്കുശേഷം ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളൽപ്പുരയിലാണ്. ശ്രീകോവിലിൽ നിന്ന് തുള്ളൽപ്പുരയിലെ നിലവിളക്കിലേക്ക് ദേവീ ചൈതന്യത്തെ ആവാഹിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. രണ്ടാം ദിനമായ ഇന്ന് കുരുത്തോലയാട്ടവും പഴങ്കഥ പറച്ചിലും നടക്കും. വെള്ളാട്ടം കളിയിലൂടെ ദേവിയുടെ ക്ഷീണം മാറ്റി ആനന്ദിപ്പിക്കാനായി കുരുത്തോല തുള്ളൽ നടത്തുന്നു എന്നാണ് പറയപ്പെടുന്നത്. കുരുത്തോല കൈത്തണ്ടയിലണിഞ്ഞ് രണ്ടുപേർ ചുവടുവച്ച് പഴങ്കഥ പറഞ്ഞ് ആടിപ്പാടിയാണ് ഇത് അവതരിപ്പിക്കുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started