
20-02-2023
കിളിമാനൂർ : ലഹരികളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ നേർച്ചിത്രമായിരുന്നു കിളിമാനൂർ ബി.ആർ.സി. അവതരിപ്പിച്ച ‘ചിറകുകൾക്ക് പറയാനുള്ളത്’ എന്ന നാടകം. 19 ഭിന്നശേഷിക്കാരുൾപ്പെടെ 30 കുട്ടികൾ ചേർന്ന് അവതരിപ്പിച്ച നാടകം പ്രേക്ഷകർക്ക് പുത്തൻ നാടകാനുഭവം നൽകുന്നതായി. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കിളിമാനൂർ ബി.ആർ.സി. സംഘടിപ്പിച്ച അതീതം പരിപാടിയിലായിരുന്നു നാടകം അവതരിപ്പിച്ചത്.
നാടക പ്രവർത്തകനും, ചലച്ചിത്ര നടനുമായ റെജു ശിവദാസാണ് സംവിധാനം നിർവഹിച്ചത്. നാടകത്തിന്റെ ശബ്ദപ്രകാശ വിന്യാസത്തിന് മേൽനോട്ടം വഹിച്ച ഭിന്നശേഷിക്കാരനായ കൊല്ലം സ്വദേശി സന്തോഷ് കലാകേന്ദ്രത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമാക്കി.
ലഹരിക്കൊപ്പം, ഭിന്നശേഷിയെക്കുറിച്ചുള്ള പൊതുബോധത്തിനും അതീതമായി വ്യക്തികളുടെ വ്യത്യസ്തമായ കഴിവും പ്രാഗത്ഭ്യവും കൂടി ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘അതീതം’ എന്ന പരിപാടി രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ബി.ആർ.സി. പ്രോജക്ട് കോ-ഓർഡിനേറ്റർ വി.ആർ.സാബു പറഞ്ഞു. ചിറയിൻകീഴ് താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


Leave a comment