വാഹനം കടന്നുപോകാൻ അനുവദിച്ചില്ലെന്നാരോപിച്ച് അഭിഭാഷകരും കാർയാത്രക്കാരും തമ്മിൽ വാക്കേറ്റം

18-02-2023

തിരുവനന്തപുരം : വാഹനം കടന്നുപോകാൻ അനുവദിച്ചില്ലെന്നാരോപിച്ച് അഭിഭാഷകരും കാർയാത്രക്കാരും തമ്മിൽ വാക്കേറ്റം. കാറിൽ സഞ്ചരിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വൈകീട്ടുമുതൽ അഭിഭാഷകർ സംഘടിച്ച് പേട്ട പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു.

വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആക്കുളത്തുവെച്ചാണ് സംഭവം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരായ ഹരികൃഷ്ണനും അരവിന്ദും കഴക്കൂട്ടം ഭാഗത്തുനിന്ന് സ്കൂട്ടറിൽ വരുകയായിരുന്നു. 

ആക്കുളം കഴിഞ്ഞപ്പോൾ സ്കൂട്ടറിനെ മറികടന്നുപോകാൻ ശ്രമിച്ച കാർയാത്രക്കാരൻ അനൂപ് തുടർച്ചയായി ഹോണടിച്ചത് അഭിഭാഷകരെ പ്രകോപിപ്പിച്ചു. ഭാര്യക്കൊപ്പം കാറിൽ സഞ്ചരിച്ച അനൂപിനെ അഭിഭാഷകർ അസഭ്യ ആംഗ്യം കാണിച്ചു. തുടർന്ന് അനൂപ് കാർ അഭിഭാഷകരുടെ സ്കൂട്ടറിനു മുന്നിൽ കൊണ്ടുനിർത്തി. തർക്കം സംഘർഷത്തിലേക്കെത്തി. 

വധിക്കാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് അഭിഭാഷകർ പേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ അനൂപും ഭാര്യയും പരാതി കൊടുത്തു. ഇരുകൂട്ടരുടെയും പേരിൽ കേസ്‌ രജിസ്റ്റർ ചെയ്ത പോലീസ് അനൂപിനെയും ഭാര്യയെയും വിട്ടയച്ചു. ഇതറിഞ്ഞ അഭിഭാഷകർ സംഘടിച്ചെത്തി. വൈകീട്ടുമുതൽ സ്റ്റേഷൻ ഉപരോധം തുടങ്ങി. സംഭവമറിഞ്ഞ് ഡി.സി.പി. അജിത്ത്, എ.സി.പി. ഡി.കെ.പൃഥ്വിരാജ് എന്നിവർ സ്ഥലത്തെത്തി. സമരക്കാരുമായി നടത്തിയ ചർച്ചയിൽ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് രാത്രി വൈകി അഭിഭാഷകർ പിരിഞ്ഞുപോയി.

പോലീസ് സ്റ്റേഷനു മുന്നിലെ ആൾക്കൂട്ടം കണ്ട് ഫോട്ടോയെടുക്കാൻ ശ്രമിച്ച വഴിയാത്രക്കാരനെ അഭിഭാഷകർ സംഘം ചേർന്ന് മർദിച്ചതായും ആക്ഷേപമുണ്ട്. സ്റ്റേഷനിലെത്തിയ മാധ്യമപ്രവർത്തകനു നേരേയും കൈയേറ്റമുണ്ടായി. മാധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചുവാങ്ങുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയുണ്ട്‌.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started