പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലാതെ വർക്കല പാപനാശവും ടൂറിസം മേഖലയും

18-02-2023

വർക്കല : പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തത് വർക്കലയിൽ എത്തുന്ന വിനോദ സഞ്ചാരികളെയും തീർഥാടകരെയും അലട്ടുന്നത് കുറച്ചൊന്നുമല്ല. വിദേശ വിനോദ സഞ്ചാരികളും ജനാർദനസ്വാമി ക്ഷേത്രത്തിലും ശിവഗിരിയിലും എത്തുന്ന ഭക്തരുമുൾപ്പെടെ ദിനവും ആയിരങ്ങളാണ് പാപനാശത്തെത്തുന്നത്.

പൊതുശൗചാലയങ്ങളുെട അഭാവമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് വലിയ പദ്ധതികൾ ആസൂത്രണംചെയ്യുമ്പോഴും മനോഹരതീരത്ത് അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും ഒരുക്കിയിട്ടില്ല. നഗരസഭയ്ക്കും ടൂറിസം വകുപ്പിനും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. 

പാപനാശം തീരത്തും ഹെലിപ്പാഡിലുമാണ് സഞ്ചാരികളും തീർഥാടകരുമെത്തുന്നത്. പാപനാശം ബലിമണ്ഡപത്തിലെ രണ്ട് ശുചിമുറികളാണ് ഇവിടെ ആകെയുള്ളത്. ബലിതർപ്പണ ചടങ്ങുകൾക്ക് എത്തുന്നവർക്കുപോലും ഇവ പര്യാപ്തമല്ല. മറ്റ് മാർഗമില്ലാത്തതിനാൽ ബീച്ചിലെത്തുന്നവരെല്ലാം പ്രാഥമികാവശ്യത്തിന് ഇതാണ് ഉപയോഗിക്കുന്നത്. 

പാപനാശം തീരത്ത് മുമ്പ് പേരിനൊരു പൊതുശൗചാലയം ഉണ്ടായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചുവന്നത്. ഇത് പൊളിച്ച് ആധുനികരീതിയിൽ പുതിയ ശൗചാലയം നിർമിക്കാൻ നഗരസഭ ടൂറിസം വകുപ്പിന് കൈമാറി. 

എന്നാൽ, പണി തുടങ്ങി രണ്ടുവർഷത്തോളമായിട്ടും പൂർത്തിയാക്കാനായിട്ടില്ല. പണിതിട്ടും പണിതിട്ടും തീരാതെ ഇപ്പോഴും നിർമാണം തുടരുന്നു. ഹെലിപ്പാഡിൽനിന്നു പ്രകൃതിചികിത്സാകേന്ദ്രത്തിനു പിന്നിലൂടെ തീരത്തേക്കുള്ള വഴിയിൽ നഗരസഭ ക്ലോക്ക് റൂമും ശുചിമുറികളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി മൂന്നുവീതം ശുചിമുറികളും ഓരോ ബാത്ത് റൂമും ക്ലോക്ക് റൂമുമാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. ഒരു ടാങ്ക് മാത്രമാണിവിടുള്ളത്. നല്ല സൗകര്യങ്ങളുണ്ടെങ്കിലും വെള്ളമില്ലാത്തതുകാരണം കരാറെടുത്തവർക്ക് നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞില്ല. 

ടാങ്കിലെ വെള്ളം തീർന്നാൽ അടച്ചിടേണ്ടതായിവന്നതോടെ കരാറെടുത്തവർ പിന്മാറി. പിന്നീട് കരാർ എടുക്കാൻ ആളില്ലാതായതോടെ സ്ഥിരമായി അടച്ചിടുകയും ചെയ്തു. ഹെലിപ്പാഡിൽ വർഷങ്ങൾക്കു മുമ്പ് ഇ- ടോയ്‌ലറ്റുകൾ സ്ഥാപിച്ചെങ്കിലും തുറന്നുപ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. 

പ്രാഥമിക സൗകര്യങ്ങളില്ലാത്തത് വിദേശ വിനോദസഞ്ചാരികൾക്കിടയിൽ വർക്കലയെക്കുറിച്ച് മോശം അഭിപ്രായവും സൃഷ്ടിക്കുന്നു. ഇതെല്ലാം ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്നു. 

തീരത്ത് എത്തുന്നവർക്ക് ബുദ്ധിമുട്ട് 

അവധിദിവസങ്ങളിൽ ശിവഗിരിയിലും വർക്കല ബീച്ചിലുമായി വന്നുപോകുന്ന നിരവധിപേരുണ്ട്. വിവിധ സ്ഥലങ്ങളിൽനിന്ന്‌ ടൂറിസ്റ്റ് ബസുകളിൽ വലിയ സംഘങ്ങളാണ് വർക്കലയിലെത്തുന്നത്. വൺഡേ ടൂറിന് എത്തുന്നവർ മുറിയെടുക്കാറില്ല. അതിനാൽ ഇവർക്കൊന്നും പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യവുമില്ല. സ്ത്രീകളാണ് എറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്. കടലിലിറങ്ങുമ്പോൾ വസ്ത്രം നനയുന്നവർക്ക് അത് മാറാനും സൗകര്യമില്ല. 

ശൗചാലയമില്ലാത്തതിനാൽ ടൂറിസം സീസണിൽ വിദേശികളുൾപ്പെടെ ബുദ്ധിമുട്ടുന്നു. ആവശ്യക്കാർ റിസോർട്ടുകളും സ്ഥാപനങ്ങളും കയറിയിറങ്ങേണ്ടിവരുന്നു. 

ഒരാൾക്ക് സൗകര്യം നൽകിയാൽ കൂടെയുള്ളവരും കൂട്ടത്തോടെ എത്തുമെന്നതിനാൽ റിസോർട്ടുകാർക്കും എപ്പോഴും എല്ലാവരെയും സഹായിക്കാനാകില്ല. വർഷങ്ങളായി ഇതേ അവസ്ഥ തുടരുകയാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started