റോഡ്‌ മറികടക്കാൻ ജനങ്ങൾ സീബ്രാവരയിൽനിന്നാലും വാഹനങ്ങൾ അവരെ മൈൻഡ് ചെയ്യാതെ കടന്നുപോകുന്നതാണ് ആറ്റിങ്ങലിലെ പതിവ്

17-02-2023

ആറ്റിങ്ങൽ : റോഡ്‌ മറികടക്കാൻ ജനങ്ങൾ സീബ്രാവരയിൽനിന്നാലും വാഹനങ്ങൾ അവരെ മൈൻഡ് ചെയ്യാതെ കടന്നുപോകുന്നതാണ് ആറ്റിങ്ങലിലെ പതിവ്. റോഡ് മറികടക്കണമെങ്കിൽ ജീവനുംകൊണ്ട് ഓടണമെന്നാണ് കാൽനടയാത്രികരുടെ സ്ഥിതി.

ദേശീയപാതയിലും നഗരത്തിലെ മറ്റു പ്രധാന റോഡുകളിലുമെല്ലാം കാൽനടയാത്രികർക്ക് റോഡുമുറിച്ച് കടക്കാൻ സീബ്രാവരകളുണ്ട്. വരകളിലൂടെ നടന്നുപോകുന്നവരെ കണ്ടാലും, കടന്നുപോകാൻ വാഹനമോടിക്കുന്നവർക്ക് യാതൊരു മടിയുമില്ല. സദാ ജനത്തിരക്കുള്ളതാണ് ആറ്റിങ്ങലിലെ റോഡുകൾ.

ദേശീയപാതയിൽ പൂവമ്പാറ മുതൽ മൂന്നുമുക്കുവരെ നാലുവരിപ്പാതയാണ്. ഇവിടെയാണിപ്പോൾ ജനങ്ങൾ റോഡ്‌ മറികടക്കാൻ ഏറെ കഷ്ടപ്പെടുന്നത്. സി.എസ്.ഐ. ജങ്ഷൻ, മുനിസിപ്പൽ ഗ്രന്ഥശാലയ്ക്കുസമീപം, കച്ചേരി ജങ്ഷൻ, ട്രഷറിക്ക് മുൻവശം, മുനിസിപ്പൽ ഓഫീസിനു മുൻവശം, മുനിസിപ്പൽ ബസ്‌ സ്റ്റാൻഡിനു മുൻവശം, കിഴക്കേ നാലുമുക്ക്, കെ.എസ്.ആർ.ടി.സി. ജങ്ഷൻ, ഐ.ടി.ഐ.യ്ക്ക് മുൻവശം, മൂന്നുമുക്ക് എന്നിവിടങ്ങളിൽ സീബ്രാവരകളുണ്ട്. കച്ചേരി ജങ്ഷനിൽ സിഗ്നൽപോയിന്റുള്ളതിനാൽ നിശ്ചിത ഇടവേളകളിൽ റോഡുമുറിച്ചു കടക്കാൻ സിഗ്നൽ സംവിധാനമുണ്ട്. ഇവിടെ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ല. 

കിഴക്കേ നാലുമുക്കിലും മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിലും തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് വാർഡന്മാരുടെയോ പോലീസിന്റെയോ സേവനമുണ്ടാകും. സീബ്രാവരയുണ്ടെങ്കിലും ഉദ്യോഗസ്ഥർ കൈകാണിച്ച് വാഹനങ്ങൾ നിർത്തി യാത്രക്കാരെ റോഡ് മറികടക്കാൻ സഹായിക്കാറുണ്ട്. ഇവിടെ ഉദ്യോഗസ്ഥരുടെ സേവനമില്ലാത്ത സമയങ്ങളിൽ സീബ്രാവരയിലൂടെ റോഡ് മുറിച്ചുകടക്കണമെങ്കിൽ അഭ്യാസപ്രകടനം നടത്തണമെന്നാണ് സ്ഥിതി. ഇതിലും കഷ്ടമാണ് മറ്റിടങ്ങളിലെ സ്ഥിതി. 

‘വാഹനങ്ങളുടെ നിയന്ത്രണരേഖ’ വാഹനമോടിക്കുന്നവർ മൈൻഡ് ചെയ്യാത്തതാണ് നഗരത്തിലെത്തുന്ന കാൽനടയാത്രികർ നേരിടുന്ന പ്രധാന പ്രശ്നം. സീബ്രാവരയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വിരുതന്മാരുമുണ്ട്. ഇതുനിമിത്തം നടപ്പാതയിൽനിന്ന് സീബ്രാവരയിലേക്കിറങ്ങാൻ കഴിയാതെ കാൽനടയാത്രികർ ബുദ്ധിമുട്ടുന്നുണ്ട്. നാലുവരിപ്പാതയുടെ ഡിവൈഡർ തീരെ ചെറുതാണ്. 

റോഡിന്റെ പകുതിവരെ നടന്നെത്തുന്നവർ ഡിവൈഡറിൽ കയറി മറുപുറത്തേക്കിറങ്ങാൻ ഏറെനേരം നിൽക്കണം. ഒരാൾക്ക് കഷ്ടിച്ചുനിൽക്കാനുള്ള വീതി മാത്രമാണ് ഈ ഡിവൈഡറിനുള്ളത്. ഒന്ന് കാലുവഴുതിയാൽ വൻ അപകടത്തിനിടയാക്കും. ഒരുനിമിഷം വാഹനം നിർത്തി റോഡിൽ നിൽക്കുന്നവരെ കടത്തിവിട്ടശേഷം കടന്നുപോകാനുള്ള ഗതാഗതമര്യാദ പലരും ഈ നഗരത്തിൽ പാലിക്കാറില്ല.

വിദ്യാർഥികളും വൃദ്ധരുമുൾപ്പെടെ ധാരാളമാളുകൾ വിവിധ ആവശ്യങ്ങൾക്കായി ദിവസവും നഗരത്തിലെത്തുന്നുണ്ട്. പ്രായമായവരാണ് റോഡ്‌ മറികടക്കാൻ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത്. ട്രഷറിക്കു മുന്നിലും ബസ് സ്റ്റാൻഡിനു മുന്നിലുമുള്ള സീബ്രാവരകളിൽ പ്രായമായവർ ഏറെ നേരം ഇറങ്ങിനില്ക്കുന്നത് നഗരത്തിലെ പതിവുകാഴ്ചയാണ്. 

ബദ്ധപ്പെട്ട് നടന്നുപോകാനോ ഓടിമാറാനോ കഴിയാത്തതിനാൽ മറ്റാരെങ്കിലുമൊക്കെ റോഡ്‌ മുറിച്ച് കടക്കാനെത്തുമ്പോൾ അവർക്കൊപ്പം നടന്ന് മറുപുറത്തെത്തുകയാണ് പതിവ്. ‘നിയന്ത്രണരേഖ’ മുറിക്കുന്നവരെ നിയന്ത്രിക്കാനുള്ള നടപടികളുണ്ടായില്ലെങ്കിൽ നഗരത്തിൽ കാൽനടയാത്രക്കാരുടെ ദുരിതത്തിന് അറുതിയുണ്ടാവില്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started