കെ.എസ്.ആർ.ടി.സി കടയ്ക്കാവൂർ,വക്കം,അഞ്ചുതെങ്ങ് പഞ്ചായത്തുകളെ അവഗണിക്കുന്നതായി പരാതി

17-02-2023

കടയ്ക്കാവൂർ: കെ.എസ്.ആർ.ടി.സി കടയ്ക്കാവൂർ,വക്കം,അഞ്ചുതെങ്ങ് പഞ്ചായത്തുകളെ അവഗണിക്കുന്നതായി പരാതി. സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനാണ് ഇൗ നിലപാട് സ്ഥീകരിക്കുന്നതെന്ന ആരോപണവുമുണ്ട്. 7.40ന് കടയ്ക്കാവൂരിൽ നിന്ന് കാര്യവട്ടം കാമ്പസിലേക്ക് ഉണ്ടായിരുന്ന (തിരിച്ചും) സർവീസ് വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും വളരെ ഉപയോഗപ്രദമായിരുന്നു. ഇൗ സർവീസ് ഇപ്പോൾ നിറുത്തി.

വക്കത്ത് നിന്നുണ്ടായിരുന്ന ഫാസ്റ്റ് ഉൾപ്പെടെ പല ബസുകളും പലപ്പോഴായി നിറുത്തി. അവസാനമുണ്ടായിരുന്ന വക്കം പണയിൽ കടവ് ബസ് ചെറുന്നീയൂർ, വക്കം പഞ്ചായത്ത് നിവാസികൾ ഉൾപ്പെടെ ഒട്ടനവധി പ്രദേശക്കാർക്ക് വളരെ ഉപകാരമായിരുന്നു. ഇൗ സർവീസ് നിറുത്തി. 7.30ന് കടയ്ക്കാവൂർ പേരയം ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്കുണ്ടായിരുന്ന ബസും സർവീസ് നിറുത്തി. മുതലപ്പൊഴി ചിറയിൻകീഴ് വഴി അനന്തപുരി ആശുപത്രി മെഡിക്കൽകോളേജ് ബസും സർവീസ് നിറുത്തി. രാവിലെ 5.15ന് ആറ്റിങ്ങൽ നിന്ന് കടയ്ക്കാവൂർ വഴി വർക്കലയ്ക്കും തിരിച്ച് കടയ്ക്കാവൂർ, ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്കുമുള്ള സർവീസ് നിറുത്തലാക്കിയിട്ട് നാളുകൾ ഏറെയായി. രാത്രി 8ന് ഇൗ ബസ് വർക്കലയിൽ നിന്ന് കടയ്ക്കാവൂർ വഴി ആറ്റിങ്ങലിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിൽ ദീർഘദൂര ട്രെയിനിൽ വർക്കല ഇറങ്ങി കടയ്ക്കാവൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും പോകുന്ന യാത്രക്കാർക്ക് ഉപകാരപ്രദമായേനെ.

വർക്കല കടയ്ക്കാവൂർ തിരുവനന്തപുരം ഫാസ്റ്റ് മെഡിക്കൽ കോളേജിലേക്ക് ചികിത്സ തേടി പോകുന്നവർക്കും ഗവൺമെന്റ് ഓഫീസുകളിലും മറ്റും പോകുന്നവർക്കും വളരെ സൗകര്യപ്രദമായിരുന്നു ഈ ബസ്. വർക്കല കടയ്ക്കാവൂർ ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്ക് ഉണ്ടായിരുന്ന ഫാസ്റ്റും മറ്റ് ഓർഡിനറി സർവീസുകളും കൊവിഡിന്റെ പേരിൽ സർവീസ് നിറുത്തിയതായിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായിട്ടും സർവീസുകൾ പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി ഒരുങ്ങുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. വക്കം കടയ്ക്കാവൂർ അഞ്ചുതെങ്ങ് എന്നീ പഞ്ചായത്തുകളിലൂടെ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started