
17-02-2023
കടയ്ക്കാവൂർ : ആയുർവേദ ആശുപത്രിയിലെ രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം നടത്തി രണ്ടുകൊല്ലം പിന്നിട്ടിട്ടും പ്രവർത്തനമാരംഭിക്കാതെ കാടുപിടിച്ചു നശിക്കുന്നു. വഴിയില്ലാത്തതും വൈദ്യുതി, വെള്ളം കണക്ഷനുകളും ഇല്ലാത്തതുമാണ് ആശുപത്രി പ്രവർത്തമാനമാരംഭിക്കുന്നിതുള്ള തടസ്സം. രോഗികൾക്കും വാഹനങ്ങൾക്കും കെട്ടിടത്തിൽ പ്രവേശിക്കണമെങ്കിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തെ ആശ്രയിക്കണമെന്നതാണ് നിലവിലത്തെ അവസ്ഥ. കെട്ടിടത്തിനു പുറകുവശത്തെ ഓടയ്ക്കു കുറുകേ സ്ലാബ് നിരത്തി താത്കാലിക വഴിയൊരുക്കി ആശുപത്രി പ്രവർത്തനമാരംഭിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം വിജയിച്ചില്ല. വാഹനമെത്തുന്ന വഴിക്കായി ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
ആയുർവേദ ആശുപത്രിയിൽ ദിവസേന ദൂരസ്ഥലങ്ങളിൽ നിന്നായി നിരവധി രോഗികളാണ് ചികിത്സയ്ക്കായെത്തുന്നത്. രോഗികളുടെ എണ്ണം കൂടിയതും കിടത്തിച്ചികിത്സാസൗകര്യമില്ലാത്തതും മറ്റുമാണ് പുതിയ കെട്ടിടമെന്ന ആവശ്യത്തിലേക്കെത്തിയത്
കടയ്ക്കാവൂർ പഞ്ചായത്തോഫീസിന് എതിർവശത്ത് 500 മീറ്റർ ഉള്ളിൽ പഴയ ആശുപത്രിക്കെട്ടിടത്തിനു സമീപത്തായിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. എസ്.സി. ഭൂരഹിതർക്ക് നൽകുന്നതിനായി പഞ്ചായത്ത് വാങ്ങിയ 40 സെന്റ് ഭൂമിയിലെ 10 സെന്റിലാണ് ഒരുകോടി ചെലവിട്ട് കെട്ടിടം നിർമിച്ചത്. 20 കിടക്കയും ഓട്ടിസം വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ചികിത്സാ വാർഡും ലാബുമുൾപ്പെടെ ആധുനികസൗകര്യങ്ങൾ ഒരുക്കിയിരുന്നു.
നിലവിൽ പൂട്ടിയിട്ടിരിക്കുന്ന കെട്ടിടം കാടുകയറി ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറി. ഇതു ജനങ്ങൾക്ക് ബുദ്ധിമുട്ടാകുകയാണ്.
മഴക്കാലമായാൽ കെട്ടിടപരിസരം വെള്ളക്കെട്ടും ചെളിയുമായി കാൽനടയാത്രപോലും ദുസ്സഹമാണെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളക്കെട്ടിനെത്തുടർന്ന് കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും ബലക്ഷയവുമുണ്ട്. ആശുപത്രിയുടെ പോരായ്മകൾ തീർത്ത് കെട്ടിടം ഉപയോഗപ്രദമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


Leave a comment