തീരദേശ മേഖലയിലെ അടുത്തടുത്ത് വീടുകളും, കായലിലും, കടലിലും ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫയർസ്റ്റേഷൻ വേണമെന്നാവശ്യം ശക്തമാകുന്നു

16-02-2023

ആറ്റിങ്ങൽ: തീരദേശമേഖല കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ വേണമെന്നാവശ്യം ശക്തം. തീരദേശ മേഖലയിലെ അടുത്തടുത്ത് വീടുകളും, കായലിലും, കടലിലും ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരദേശ മേഖല കേന്ദ്രികരിച്ച് ഫയർസ്റ്റേഷൻ വേണമെന്നാവശ്യം ശക്തമായത്.
ഈ ആവശ്യം ഉന്നയിച്ച് ജില്ലാ ഫയർഓഫീസർ ബന്ധപ്പെട്ടവർക്ക് ഇതിനായുള്ള അപേക്ഷ നൽകിക്കഴിഞ്ഞു.

മുതലപ്പൊഴി മുതൽ വെട്ടൂർ വരെയുള്ള കടൽ തീരങ്ങളിൽ ജലാശയ അപകടങ്ങളും സാധാരണയാണ്. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ അനിവാര്യമാണ്. ഈ സാഹചര്യം മുൻ നിറുത്തിയാണ് തീരദേശ ഫയർസ്റ്റേഷൻ എന്ന ആവശ്യം ഉയർന്നത്.
തീരദേശ ഫയർസ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സ്ഥലം എം.എൽ.എ വി. ശശിക്ക് നിവേദനം നൽകി.

ഫയർഫോഴ്സ് വാഹനങ്ങൾ 

എത്താൻ വൈകുന്നു

തീരദേശ മേഖലയിൽ തീപിടിത്തമോ, ജലാശയ അപകടങ്ങളോ ഉണ്ടായാൽ നിലവിൽ ആറ്റിങ്ങൽ, വർക്കല മേഖലകളിലെ ഫയർസ്റ്റേഷനുകളിൽ നിന്ന് വേണം രക്ഷാപ്രവർത്തനത്തിന് എത്തേണ്ടത്. രണ്ടിടങ്ങളിൽ നിന്ന് പത്തിലധികം കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം താണ്ടി ഫയർഫോഴ്സ് വാഹനങ്ങൾ എത്താൻ കാലതാമസമുണ്ട്. ഇതിനിടയിൽ റെയിൽവേ ഗേറ്റും ഗതാഗതക്കുരുക്കും വീണ്ടും രക്ഷാപ്രവർത്തനങ്ങൾ വൈകിപ്പിക്കും.

സ്ഥലമുണ്ട്

ഫയർസ്റ്റേഷന് ആവശ്യമായ സ്ഥലം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ് – കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അതിർത്തികളിൽപ്പെട്ട മീരാൻകടവ് പാലത്തിന് സമീപം സർക്കാർ വക ഭൂമിയാണ് കണ്ടെത്തിയത്. സമീപത്ത് കായലുള്ളതുകൊണ്ട് ഫയർസ്റ്റേഷൻ വാഹനങ്ങൾക്ക് വെള്ളം നിറയ്ക്കാനും കഴിയും. തീരദേശ ഫയർസ്റ്റേഷൻ യാഥാർത്ഥ്യമായാൽ ചിറയിൻകീഴ്,വക്കം,കടയ്ക്കാവൂർ,അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകൾക്കാണിതിന്റെ പ്രയോജനം ലഭിക്കുന്നത്.

സ്ഥലം ഏറ്റെടുക്കാതെ സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെ തന്നെ ഫയർസ്റ്റേഷൻ സ്ഥാപിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started