വർക്കല പാപനാശം ബീച്ചിൽ സന്ദർശകർ വർദ്ധിക്കുന്നതിനനുസരിച്ച് സുരക്ഷ കൂട്ടാനുള്ള നടപടികൾ മന്ദഗതിയിലാണെന്ന് ആക്ഷേപം

jv

15-02-2023

വർക്കല: വർക്കല പാപനാശം ബീച്ചിൽ സന്ദർശകർ വർദ്ധിക്കുന്നതിനനുസരിച്ച് സുരക്ഷ കൂട്ടാനുള്ള നടപടികൾ മന്ദഗതിയിലാണെന്ന് ആക്ഷേപം. പത്ത് വർഷം മുൻപ് ബീച്ചിലെ വിവിധ പോയിന്റുകളിൽ 15 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നത് നിലവിൽ അംഗബലം പകുതിയായി കുറഞ്ഞു.സന്ദർശകർ കൂടിയപ്പോൾ ഇവിടെ ഇപ്പോൾ അപകടം പതിവാണ്.

സന്ദർശകരിൽ പലരും ആവേശം കാണിച്ച് കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയാൽ പിന്നെ രക്ഷാദൗത്യം ലൈഫ് ഗാർഡുകൾക്കാണ്. ആധുനിക രക്ഷാ ഉപകരണങ്ങളുടെ അഭാവത്തിലും രാവിലെ 7 മുതൽ രാത്രി 7 വരെ ഇവർ തീരം കാക്കുന്നു.

ഒപ്പം ജോലിഭാരം ഇരട്ടിയായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മാത്രം കടലിൽ മുങ്ങിയ അൻപതോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് കണക്ക്.
പാപനാശം ഉൾപ്പെടുന്ന ബീച്ചിന് പുറമേ ഇപ്പോൾ ലൈഫ് ഗാർഡുകളുടെ സാന്നിദ്ധ്യം ഇല്ലാത്ത പാപനാശത്ത് നിന്നു തെക്ക് ഭാഗത്തുള്ള ഏണിക്കൽ, ചിലക്കൂർ ബീച്ചിലും സന്ദർശകർ കൂട്ടത്തോടെ എത്തുന്നുണ്ട്. ഇവിടങ്ങളിൽ നിരവധിപേർ കടലിൽ ഇറങ്ങുന്നുണ്ടെങ്കിലും അപകടം സംഭവിക്കാത്തത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് ലൈഫ് ഗാർഡായി വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന എ.സക്കീർ പറയുന്നു. വർക്കല തീരത്ത് നിന്ന് മാറിയുള്ള കാപ്പിൽ ബീച്ചിലാകട്ടെ അവധി ദിവസങ്ങളിൽ ആയിരങ്ങളാണ് എത്തുന്നത്. കഴിഞ്ഞ വർഷം വിദ്യാർത്ഥികളായ നിരവധി പേരെ ഈ കടലിൽ കാണാതായിട്ടും ഒരു ലൈഫ് ഗാർഡിനെ നിയോഗിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started