വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി, പാര്‍ട്ടിവിടുന്നത് നൂറിലധികംപേര്‍; ഞെട്ടലില്‍ നേതൃത്വം

15-02-2023

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സില്‍ കൂട്ടരാജി. ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളാണ് പാര്‍ട്ടി വിടുന്നത്.

നേരത്തെ വട്ടിയൂര്‍ക്കാവില്‍ വിമതയോഗം ചേര്‍ന്നവരാണ് രാജിവെയ്ക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രാജിക്കത്ത് കൈമാറി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് ബ്ലോക്കിലെ 104 പേര്‍ ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്. 

ആരോപണ വിധേയരെ ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നണ് നേതാക്കള്‍ പറയുന്നത്. കെ.പി.സി.സി അംഗങ്ങളായ ഡി.സുദര്‍ശനും ശാസ്തമംഗലം മോഹനനുമെതിരെ നടപടിയില്ലാത്തതിലാണ് പ്രതിഷേധം. ഇവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തില്‍ ആവശ്യപ്പെടുന്നു.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തായി ദയനീയപരാജയമാണ് ഏറ്റുവാങ്ങിയത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സുദര്‍ശനും ശാസ്തമംഗലം മോഹനനും ആദ്യം പരസ്യവിമര്‍ശനമുന്നയിച്ചെന്നും പിന്നീട് ഇവര്‍തന്നെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചെന്നുമാണ് ആരോപണം. 

പരാജയത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും നേതൃത്വത്തില്‍ വിലസുകയാണെന്നും ഇവര്‍ക്കെതിരേ നടപടിയില്ലെന്നും ബിജെപിയും സിപിഎമ്മുമായി ഇവര്‍ തിരഞ്ഞെടുപ്പ് കാലത്ത് രഹസ്യധാരണയുണ്ടാക്കുന്നുവെന്നും കൂട്ടരാജിയുടെ കാരണമായി പറയുന്നുണ്ട്. സ്ഥിരമായി പാര്‍ട്ടിവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ അവരെ വീണ്ടും പുതിയ കമ്മിറ്റികളുടെ തലപ്പത്ത് നിയമിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും നൂറിലധികം പേര്‍ ഒപ്പിട്ട രാജിക്കത്തില്‍ പറയുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started