
13-02-2023
തിരുവനന്തപുരം: പ്രായവും അവശതയും മറന്ന് പാട്ടിന് താളത്തിൽ ചുവടുവച്ച് വാർദ്ധക്യത്തെ ആഘോഷമാക്കി 78കാരിയായ താമരാക്ഷി അമ്മ. കോട്ടൻഹിൽ സ്കൂളിൽ കോർപ്പറേഷനും സാമൂഹ്യസുരക്ഷ മിഷൻ വയോമിത്രവും ചേർന്നാണ് വയോജനോത്സവം ഒരുക്കിയത്. മേരെ സപ്‌നോ കി റാണി കബ് ആയേഗി തൂ, ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളെ തുടങ്ങിയ പഴയകാല ഗാനങ്ങൾ സാമൂഹ്യസുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ ഷിബു പാടിയപ്പോഴായിരുന്നു താമരാക്ഷി അമ്മയുടെയും സംഘത്തിന്റെയും ഡാൻസ്. കാണികളും ഒപ്പം കൂടിയതോടെ ആവേശവും ഇരട്ടിയായി. പ്രാവച്ചമ്പലത്തെ എഴുപ്പത്തിരണ്ടുകാരി ലളിതാമ്മയും മുടവൻമുകൾ സ്വദേശി ഗോമതിയമ്മയുമെല്ലാം അസുഖങ്ങളെ മറന്ന് സദസിലും വേദിയിലും നിറഞ്ഞാടിയത് കണ്ടുനിന്നവർക്ക് കൗതുകക്കാഴ്ചയായി. ആറ്റിങ്ങൽ അജിൽ മണിമുത്തിന്റെ ഗാനമേളയും അങ്കണവാടി അദ്ധ്യാപകരുടെയും കോട്ടൺഹില്ലിലെ വിദ്യാർത്ഥികളുടെയും കലാപരിപാടികളും വയോജനോത്സവത്തിന് മാറ്റേകി.
പരിപാടി ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി നൽകിയ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സലിം, കോർപ്പറേഷൻ ജനന മരണ രജിസ്ട്രാർ എസ്.എസ്. മിനു, വയോമിത്രം ജില്ല കോർഡിനേറ്റർ സവിത തുടങ്ങിയവർ സംസാരിച്ചു.


Leave a comment