വർക്കല ഗവ.ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡീലക്സ് സ്യൂട്ട് പേവാർഡ് കെട്ടിട നിർമ്മാണം 4 വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല

bg

11-02-2023

വർക്കല: വർക്കല ഗവ.ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡീലക്സ് സ്യൂട്ട് പേവാർഡ് കെട്ടിട നിർമ്മാണം 4 വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. രണ്ടുനില കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമ്മാണം മാത്രമാണ് ഇതുവരെ നടന്നത്.

തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയിലെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർക്ക് കഴിയാതെ പോകുന്നതായും ആരോപണമുണ്ട്.

കൊവിഡ് പ്രതിസന്ധിയും വാപ്കോസിന്റെ കീഴിൽ നിർമ്മാണജോലികളിൽ ഏർപ്പെട്ട സബ് കോൺട്രാക്ടർമാർക്ക് സമയത്ത് ബില്ലുകൾ മാറിക്കിട്ടാത്തതും പ്രതിസന്ധിക്ക് മറ്റൊരു കാരണമായി. പിന്നീട് വാപ്കോസ് നിർമ്മാണച്ചുമതല ഒഴിഞ്ഞശേഷവും അവശേഷിക്കുന്ന ജോലികൾക്കായി വീണ്ടും ടെൻഡർ വിളിച്ചെങ്കിലും ആരും താത്പര്യമെടുത്തില്ലെന്നാണ് അറിവ്. വർക്കല പുത്തൻചന്ത – റോഡിൽ വർക്കല രാധാകൃഷ്ണൻ സ്ക്വയറിന് അഭിമുഖമായിട്ടാണ് കെട്ടിടം പണിയുന്നത്.

വർക്കലയുടെ പ്രാധാന്യം കണക്കിലെടുത്ത് ആയുർവേദ ചികിത്സയെ പരിപോഷിപ്പിക്കുന്നതിന് കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കി കിടത്തി ചികിത്സ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നിർമ്മാണം നിലയ്ക്കാൻ കാരണം

കൊവിഡ് വ്യാപനത്തിന് മുൻപ് നിർമ്മാണച്ചുമതലകൾ ഏറ്റെടുത്ത കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള കൺസൾട്ടിംഗ് സ്ഥാപനമായ വാട്ടർ ആൻഡ് പവർ കൾസട്ടൻസി സർവീസസ് ലിമിറ്റഡ് (വാപ്കോസ്) പാതിവഴിയിൽ പിൻവാങ്ങിയതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചത്.

രോഗികൾക്ക് സൗകര്യമൊരുക്കാൻ

ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് 2019ൽ പേവാർഡ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ടുനില കെട്ടിടത്തിലെ അടിസ്ഥാനത്തിനും സ്പാനുകൾക്കും മേൽക്കൂര കോൺക്രീറ്റ് ചെയ്തതിനുമായി ഏകദേശം 1.5 കോടി രൂപയിലധികം ചെലവായെന്നാണ് പറയുന്നത്. 3.25കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 13 മുറികളോടെയാണ് ഡീലക്സ് സ്യൂട്ട് എന്ന പേരിൽ കെട്ടിടം നിർമ്മിക്കുന്നത്.

വിനോദ സഞ്ചാരികൾക്കും ഉപകാരമായാനെ

വർക്കല ടൂറിസം കേന്ദ്രം കൂടിയായതിനാൽ ധാരാളം ആഭ്യന്തര – വിദേശ വിനോദ സഞ്ചാരികളും എത്തുന്നുണ്ട്. ഇവരിൽ പലരും ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയെ ആശ്രയിക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റ് സ്വകാര്യ ആയുർവേദ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started