
11-02-2023
കടയ്ക്കാവൂർ: തീരദേശ റോഡ് വികസനവുമായി ബന്ധപ്പെട്ട് റോഡുപണി എന്ന പേരിൽ റോഡ് കുത്തിക്കിളച്ചിട്ടിട്ട് നാളുകളേറെയായി. കലുങ്ക് നിർമ്മാണത്തിന്റെ പേരിൽ അഞ്ചുതെങ്ങ് - ആലംകോട് റോഡിൽ ആരംഭിച്ച നിർമ്മാണമാണ് ഇതുവരെ പൂർത്തിയാകാത്തത്.
കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള കലുങ്ക് നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ കോൺക്രീറ്റിനായി നിറുത്തിയിരിക്കുന്ന കമ്പികൾ റോഡിലേക്ക് തള്ളിനിൽക്കുകയാണ്.
ഇവിടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. നിലയ്ക്കാമുക്ക്, ഗാന്ധിമുക്ക് ഭാഗത്ത് പൊതുവെ വീതിയുള്ള റോഡായിരുന്നു. എന്നാൽ അശാസ്ത്രീയമായ ഒാട നിർമ്മാണം മൂലം ഇൗ ഭാഗത്ത് റോഡ് വീതി തീരെ കുറഞ്ഞനിലയിലായി.
നിലയ്ക്കാമുക്ക് ചന്തയ്ക്കു മുന്നിലെ വഴിയോരക്കച്ചവടങ്ങൾ റോഡിലെ കാൽനട യാത്രക്കാരുടെ യാത്രാസൗകര്യവും ഇല്ലാതാക്കി. നിലയ്ക്കാമുക്ക് ഗവ.യു.പി.എസ്. എസ്.എസ്.പി.ബി.എച്ച്.എസ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ കാൽനടയായി പോകുന്ന ഭാഗമാണ് നഷ്ടമായത്. ഇതോടെ വലിയ വാഹനങ്ങൾ വന്നാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഇൗ സാഹചര്യം വൻ അപകടങ്ങൾക്ക് ഇടയാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. തങ്ങളുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ റോഡുപണി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Leave a comment