
09-02-2023
ആറ്റിങ്ങൽ : പൊളിഞ്ഞുവീണ് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നു നഗരസഭാ ക്വാർട്ടേഴ്‌സിന്റെ കെട്ടിടങ്ങൾ. കാലപ്പഴക്കംകൊണ്ട് ദുർബലാവസ്ഥയിലായ കെട്ടിങ്ങൾ പൊളിച്ചുനീക്കുന്നതിനോ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടായിട്ടില്ല.
അനാഥമായി കിടക്കുന്ന കെട്ടിടങ്ങളിൽ ചിലതിൽ സ്വകാര്യവ്യക്തി വിറകു സൂക്ഷിക്കുകയാണ്. കഴിഞ്ഞ 30 വർഷമായി കെട്ടിടങ്ങളിൽ ആൾത്താമസമില്ല.
വലിയകുന്നിനു സമീപം രണ്ടേക്കറോളം ഭൂമിയിലാണ് നഗരസഭാ ക്വാർട്ടേഴ്‌സ്. 60 വർഷത്തിലധികം പഴക്കമുള്ളതാണിത്. നഗരസഭയിലെ ശുചീകരണവിഭാഗം തൊഴിലാളികൾക്ക് താമസിക്കുന്നതിനായി നിർമിച്ചവയാണിവ. വെട്ടുകല്ലുകൊണ്ട് ചുമര് നിർമിച്ച് പൂശി ഓടിട്ട മേൽക്കൂരയോടുകൂടിയതാണ് ക്വാർട്ടേഴ്‌സ്. ചെറിയവരാന്തയും മുറിയും അടുക്കളയും ഒരോ ക്വാർട്ടേഴ്‌സിലുമുണ്ട്.
ഒരുകാലത്ത് ക്വാർട്ടേഴ്‌സുകളിൽ നിറയെ താമസക്കാരുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇവിടെ താമസിച്ചിരുന്ന തൊഴിലാളികൾ സ്വന്തമായി ഭൂമിവാങ്ങി, വീടുവെച്ച് താമസമാരംഭിച്ചതോടെയാണ് ക്വാർട്ടേഴ്‌സ് ഒഴിയാൻ തുടങ്ങിയത്.
പിന്നീട് മറ്റൊരാവശ്യങ്ങൾക്കും ഈ കെട്ടിടങ്ങൾ ഉപയോഗിച്ചിട്ടില്ല. അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിനും നടപടികളുണ്ടായില്ല.
നിലവിൽ പല കെട്ടിടങ്ങൾക്കുമിപ്പോൾ മേൽക്കൂരയില്ല. വാതിലുകളും ജനാലകളും സമൂഹവിരുദ്ധർ ഇളക്കിക്കൊണ്ട് പോയി. ക്വാർട്ടേഴ്‌സിന്റെ ഭൂമിയിൽ പിന്നീട് നഗരസഭയുടെ വൃദ്ധസദനവും അങ്കണവാടിയും വനിതാഹോസ്റ്റലും നിർമിച്ചു. ഇവയിൽ അങ്കണവാടി മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്.
തൊഴിലുറപ്പ് തൊഴിലാളികൾ ഈ ഭൂമിയിൽ മരച്ചീനിയും വാഴയും കൃഷിചെയ്യുന്നുണ്ട്. ഇതേത്തുടർന്ന് ഭൂമി കാടുകയറിയിട്ടില്ലെന്നതു മാത്രമാണ് ആശ്വാസം.
ആറ്റിങ്ങലിൽ പഠനത്തിനും ജോലിക്കുമായി മറ്റു ജില്ലകളിൽനിന്ന് വന്നുതാമസിക്കുന്ന ധാരാളം പേരുണ്ട്. ഇവരിൽ പലരും താമസസൗകര്യം കിട്ടാതെ വിഷമിക്കുന്നവരാണ്. നഗരസഭാ ഓഫീസിലെ ജീവനക്കാർപോലും സ്വകാര്യകെട്ടിടങ്ങളിൽ വാടകയ്ക്കാണ് താമസിക്കുന്നത്.
ഈ ഭൂമിയിൽ പാർപ്പിടസമുച്ചയം ഒരുക്കിയാൽ ധാരാളം പേർക്ക് ഉപകാരപ്രദമാകുമെന്ന് നാട്ടുകാർ പറയുന്നു.
ഐ.ടി. നഗരവുമായി ബന്ധപ്പെടുത്തി എതെങ്കിലും പദ്ധതികൾ ആരംഭിച്ചാൽ ധാരാളം പേർക്ക് തൊഴിൽകൊടുക്കാനുള്ള ഒരിടമാക്കി മാറ്റാനും കഴിയും. എന്നാൽ കാര്യക്ഷമമായ യാതൊരിടപെടലും ക്വാർട്ടേഴ്‌സുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നില്ലെന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നു.


Leave a comment