അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് ഒൻപതുലക്ഷത്തോളം രൂപയും 32 പവനും കവർന്ന കേസിൽ ഒരു യുവതിയടക്കം ആറ് പ്രതികൾ പിടിയിലായി

09-02-2023

അരുവിക്കര : അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് ഒൻപതുലക്ഷത്തോളം രൂപയും 32 പവനും കവർന്ന കേസിൽ ഒരു യുവതിയടക്കം ആറ് പ്രതികൾ പിടിയിലായി. നെടുമങ്ങാടിനുസമീപം അഴിക്കോട് മലയം ചെക്കക്കോണം പണയിൽ സുനീറ മൻസിലിൽ സുനീർ (38), വട്ടിയൂർക്കാവ് പഴവിളാകത്ത് വീട്ടിൽ രാജേഷ് (42), പേരൂർക്കട മൂന്നാമൂട് പുലരിനഗർ സൗമ്യഭവനിൽ സുരേഷ് (38), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മുള്ളംചാണി അനിൽ ഭവനിൽ അനിൽകുമാർ (46), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടിൽ അഖിൽ (23), ഇടുക്കി കരുണാപുരം കൂട്ടാ ചേലമൂട് രാജേഷ് ഭവനിൽ രേഖ (33) എന്നിവരാണ് പിടിയിലായത്. ഇവർ അന്തസ്സംസ്ഥാന മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ജയ്ഹിന്ദ് ടി.വി. ടെക്നിക്കൽ വിഭാഗം ജീവനക്കാരൻ ആർ.മുരുകന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസർച്ച് ഓഫീസർ പി.ആർ.രാജിയുടെയും അരുവിക്കര ചെറിയകൊണ്ണി കാവുനടയിലുള്ള ‘ഉത്രാടം’ വീട്ടിൽ ജനുവരി 17-ന് രാവിലെ പത്തരയോടെയാണ് മോഷണം നടത്തിയത്. വീടിന്റെ പ്രധാന വാതിൽ കുത്തി പ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 8,65,000 രൂപയും 32 പവന്റെ സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു. 

മോഷണത്തിനുശേഷം ഇടുക്കിയിലെത്തിയ പ്രതികൾ അവിടെനിന്ന് തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കടന്നു. പിന്നീട് അവിടെനിന്ന്‌ ഇടുക്കിയിലേക്കു തിരികെ വന്നു. ഇതു മനസ്സിലാക്കിയ പോലീസ് ഇവരെ പിടികൂടാനായി ഇടുക്കിയിലെ തൂക്കുപാലത്ത് എത്തിയപ്പോൾ പ്രതികൾ ഇടുക്കിയിൽനിന്ന്‌ ഒരു കാർ വിലയ്ക്കുവാങ്ങി തിരുവനന്തപുരത്തേക്കു കടന്നു. തുടർന്ന് ഇവരെ പിൻതുടർന്ന പോലീസ് പിരപ്പൻകോട് വെച്ച് പ്രതികളെ തടഞ്ഞ് പിടികൂടുകയായിരുന്നു. 

പിടികൂടുമ്പോൾ സംഘത്തിന്റെ കൈയിൽ 10 പവൻ സ്വർണ്ണ ആഭരണങ്ങളും 22100 രൂപയും ഉണ്ടായിരുന്നു. സ്വർണ്ണം വിൽക്കുന്നതിനും മോഷണത്തിനും സഹായി ആയി പ്രവർത്തിച്ച നെടുമങ്ങാട് അഴിക്കോട് സ്വദേശി സുധീറിന്റെ കൈയിൽനിന്ന്‌ ആറുപവന്റെ സ്വർണ്ണം കണ്ടെടുത്തതായും പോലീസ് പറഞ്ഞു. കവർച്ചയ്ക്കെത്തുമ്പോൾ ഉപയോഗിച്ച കാർ ഇടുക്കിയിൽനിന്നു പണയത്തിന് എടുത്ത് നമ്പർ പ്ലേറ്റ് മാറ്റിയതാണെന്നും പോലീസ് പറഞ്ഞു. കേസിലെ മൂന്നാം പ്രതിയായ ജപ്പാൻ ജയൻ എന്നുവിളിക്കുന്ന ജയനെ ജനുവരി 22-ന് 1,25,000 രൂപയുമായി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. 

ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യ, നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, അരുവിക്കര സി.ഐ. ഷിബുകുമാർ, എസ്.ഐ. സജി, ഷാഡോ പോലീസ് എസ്.ഐ. ഷിബു, പോലീസുകാരായ സജു, സതികുമാർ, അനൂപ്, ഉമേഷ് ബാബു, അനിൽ, രജി, ജയരാജ്, ഷീന എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started