
04-02-2023
ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ 13ന് നടക്കുന്ന പൊങ്കാല മഹോത്സവം സുഗമമായി നടക്കുന്നതിനായി വി. ശശി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. ഗതാഗത സുരക്ഷയുടെ ഭാഗമായി പൊങ്കാല അടുപ്പുകൂട്ടുന്നത് ശാർക്കര പണ്ടകശാല റോഡ് ഒഴിവാക്കി പകരം ശാർക്കര യു.പി സ്‌കൂൾ, മലയാളം പള്ളിക്കൂടം എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കും.
ഭക്ഷണം വിതരണം ചെയ്യുന്നവർ ദേവസ്വം ബോർഡിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഹെൽത്തിന്റെയും അനുമതി മുൻകൂട്ടി വാങ്ങണം. ഇതിനായി 8വരെ അപേക്ഷ സ്വീകരിക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനായി സർക്കാർ നിരോധിച്ചിട്ടുള്ള ഗ്ലാസുകൾ, പാത്രങ്ങൾ എന്നിവ ഒഴിവാക്കി ഹരിത പ്രോട്ടോക്കോൾ പാലിക്കണം. ശാർക്കര-വലിയകട റോഡിൽ ഒരുവശം ചേർന്ന് പൊങ്കാലയിടാം. പൊങ്കാല ദിവസം ശാർക്കര കോമ്പൗണ്ടിൽ ഒരു വാഹനവും പ്രവേശിപ്പിക്കില്ല. മഞ്ചാടിമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും കോളിച്ചിറ റോഡിലും വലിയകട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശാർക്കര മഞ്ചാടിമൂട് ബൈപ്പാസ് റോഡിലും പാർക്ക് ചെയ്യണം. പൊങ്കാല ദിവസം ചിറയിൻകീഴ് താലൂക്ക് ആശുപത്രി, പെരുമാതുറ എഫ്.എച്ച്.സി എന്നിവരുടെ മെഡിക്കൽ ടീം ഉണ്ടായിരിക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെയും എയർഫോഴ്സിന്റെയും താലൂക്ക് ആശുപത്രിയുടെയും ആംബുലൻസ് സൗകര്യം ഉണ്ടായിരിക്കും.
ഫയർഫോഴ്സിന്റെ സേവനം ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.ട്രാഫിക് നിയന്ത്രണത്തിന് ട്രാഫിക് പൊലീസിന്റെയും മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനം ലഭ്യമാക്കുന്നതിന് ഡി.വൈ.എസ്.പിയെ അറിയിക്കും. ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി മുകേഷിന്റെ നേതൃത്വത്തിൽ പൊലീസ് വോളന്റിയർ സേവനം ഉറപ്പുവരുത്തും. ശുചിത്വമിഷന്റെ ബയോ ടോയ്‌ലെറ്റ് സംവിധാനം ഉറപ്പുവരുത്തും. പൊങ്കാല ദിവസം ഉച്ചയ്ക്കുശേഷം പഞ്ചായത്തിലെ ഹരിതകർമ്മ സേന, എൻ.എസ്.എസ് വോളന്റിയർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തും. ഫെബ്രുവരി 6നകം റോഡ് നിർമ്മാണത്തിന് ശാർക്കര പറമ്പിൽ ശേഖരിച്ചിട്ടുള്ള മെറ്റീരിയൽസ് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോൺട്രാക്ടർക്ക് കത്തുനൽകും.
13ന് ശാർക്കര ക്ഷേത്ര കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നിലവിലുള്ള ഉദ്യോഗസ്ഥന്മാർ സ്ഥലം മാറുകയും പകരം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുന്നതിന് വി.ശശി എം.എൽ.എ, റൂറൽ എസ്.പി എന്നിവരോട് അവശ്യപ്പെടും. ശാർക്കര ദേവീക്ഷേത്ര കോമ്പൗണ്ട് ചങ്ങല ബന്ധിച്ച് അടച്ചിരിക്കുന്നത് അടിയന്തരമായി തുറക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ഡെപ്യൂട്ടി കമ്മിഷനോട് ആവശ്യപ്പെടും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ തുടങ്ങിയവർ പങ്കെടുത്തു.


Leave a comment