വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സൗകര്യ വികസനത്തിന്റെ ഭാഗമായി പണിത 3 നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിച്ച ഭാഗം അനാഥാവസ്ഥയിൽ.

gk

24-01-2023

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സൗകര്യ വികസനത്തിന്റെ ഭാഗമായി പണിത 3 നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിച്ച ഭാഗം അനാഥാവസ്ഥയിൽ. വെജിറ്റേറിയൻ ഭക്ഷണശാലയായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ റെയിൽവേ നിഷ്കർഷിച്ച രീതിയിലുള്ള മാനദണ്ഡം പാലിക്കാതെ വന്നതോടെ ഭക്ഷണ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ഉയർന്നു. പിന്നാലെ കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങി കരാർ നടത്തിപ്പുകാർ പിൻവാങ്ങി. റെയിൽവേക്ക് ലക്ഷങ്ങൾ വരുമാനമായി മാറേണ്ട ഈ കെട്ടിടഭാഗം ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. രാത്രി സമയത്ത് സാമൂഹവിരുദ്ധർ തമ്പടിക്കാൻ പാകത്തിൽ കെട്ടിടത്തിന്റെ കവാടം റോഡിലേക്ക് തുറന്നു കിടക്കുന്ന സ്ഥിതിയാണ്. ഇതുകൂടാതെ കെട്ടിടത്തിന്റെ ഒരു ഭാഗം മൂത്രപ്പുരയായി മാറുകയും ചെയ്തു. ഡോർമിറ്ററിയാക്കുമെന്നു പറഞ്ഞ ഏറ്റവും മുകളിലത്തെ ഭാഗം ഇനിയും തുറന്നിട്ടില്ല. ഏതാണ്ട് 6 വർഷം മുൻപാണ് 3 നില കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. നിലവിൽ ഒന്നാം നിലയിൽ മാത്രമാണ് ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ വിതരണത്തിനു ഉപയോഗിക്കുന്നത്. കൊല്ലം തിരുവനന്തപുരം റൂട്ടിൽ സുപ്രധാനമായ സ്റ്റേഷനിൽ വികസനപ്രവർത്തനങ്ങൾ പലതും നടന്നതായി അധികൃതർ അവകാശപ്പെടുമ്പോഴാണ് ഇവിടെ കെട്ടിട ഭാഗങ്ങൾ ഉപയോഗശൂന്യമാകുന്നത്.

 ടിക്കറ്റ് കൗണ്ടറുകൾ വേണം

കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കാനും തയാറാകുന്നില്ല. തിരക്കേറുന്ന വേളയിലും ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.

ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുൻപ് ടിക്കറ്റുമായി യാത്രക്കാർ ട്രാക്ക് മുറിച്ചു കടന്നു നീങ്ങുന്ന ട്രെയിനിലേക്ക് അള്ളിപ്പിടിച്ചു കയറേണ്ട സ്ഥിതിയാണ്.

നേരത്തെ ടിക്കറ്റ് വെൻഡിംഗ് മെഷീൻ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ആ സേവനവും നിലച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന കണക്കിലെടുത്ത് ഡോർമിറ്ററി സൗകര്യവും അനുബന്ധമായി നിലച്ചുപോയ റസ്റ്റോറന്റ് പുനരാരംഭിക്കാനും നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

 കാടുമൂടി റെയിൽവേ പരിസരം

റെയിൽവേ സ്റ്റേഷൻ പരിസരം കാടുകയറി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിട്ടും റെയിൽവേ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. രാത്രികാലങ്ങളിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടവും പതിവാവുകയാണ്. മദ്യപിച്ചെത്തുന്ന സാമൂഹ്യവിരുദ്ധർ യാത്രക്കാരെ അസഭ്യം വിളിക്കുന്നതും കൈയേറ്റം ചെയ്യുന്നതും പതിവാണ്. ആർ.പി.എഫിന്റെ എയ്ഡ് പോസ്റ്റ് സ്റ്റേഷനിൽ ഉണ്ടെങ്കിലും ഇവരുടെ പ്രവർത്തനവും കാര്യക്ഷമല്ലെന്നും പരാതിയുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started