
24-01-2023
തിരുവനന്തപുരം : പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും ചത്ത സംഭവം പുറത്തുവന്നതിനെ തുടർന്ന് മന്ത്രി ചിഞ്ചുറാണി മൃഗശാല സന്ദർശിച്ചു. മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾ സന്ദർശിച്ചും വെറ്ററിനറി സർജനിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞും മന്ത്രി ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ചു.
മൃഗശാലയിൽ പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും ക്ഷയരോഗം ബാധിച്ച് ചാകുന്നു എന്ന ‘മാതൃഭൂമി’ വാർത്തയെ തുടർന്നാണ് തിങ്കളാഴ്ച മൂന്നുമണിയോടെ മന്ത്രി സന്ദർശനത്തിനെത്തിയത്.
പരിശോധനാസംഘത്തിൽ മൃഗശാല ഡയറക്ടർ അബു ശിവദാസ് ഉണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനാൽ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി ഡയറക്ടറുടെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടു.
രോഗം ബാധിച്ച മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾക്ക് സമീപമെത്തിയ മന്ത്രി അവസ്ഥ ചോദിച്ചറിഞ്ഞു. മ്ലാവുകളെയും കൃഷ്ണമൃഗങ്ങളെയും ഒന്നിച്ചു പാർപ്പിക്കുന്ന സാഹചര്യം ഡോക്ടർ വിശദീകരിച്ചു. പുതിയ കൂടിന്റെ നിർമാണം പാതിയിൽ നിർത്തിവെച്ചിരിക്കുകയാണ്.
കരാറുകാരനുമായി കേസ് നിലനിൽക്കുന്നതിനാലാണ് പൂർത്തിയാക്കാൻ കഴിയാത്തതെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
മൃഗങ്ങളെ പരിപാലിക്കുന്ന ജീവനക്കാർ മാസ്കും കൈയുറയും ധരിക്കുന്നില്ലെന്ന് കണ്ടെത്തിയ മന്ത്രി അവരുടെ ആരോഗ്യത്തിലുള്ള ഉത്കണ്ഠ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു.
സന്ദർശകരെ നിയന്ത്രിക്കേണ്ടതില്ല -മന്ത്രി
: മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. അതിനാൽ അവയെ പരിപാലിക്കുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. ചികിത്സ ആവശ്യമുള്ളവർക്ക് സൗകര്യമൊരുക്കും.
അതിനാൽ സന്ദർശകരെ നിയന്ത്രിക്കേണ്ട സാഹചര്യമില്ല. എണ്ണത്തിൽ കൂടുതലുള്ള ഇനങ്ങളെ മറ്റ് മൃഗശാലകളുടെ കൈമാറ്റം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാനും മറ്റുമായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.


Leave a comment