
24-01-2023
വർക്കല: പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ വീടിന് തീപിടിച്ച് ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണമാരംഭിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
ക്രൈംബ്രാഞ്ച് എസ്.പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം. എസ്.എച്ച്.ഒ സജുകുമാറുൾപ്പെടെയുളള പൊലീസ് സംഘം ദുരന്തം നടന്ന വീട്ടിലും പരിസരങ്ങളിലും പരിശോധനകൾ നടത്തി. നേരത്തെ കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് സംഘം നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിയും. അട്ടിമറി സാദ്ധ്യതകൾ തള്ളിയ ലോക്കൽ പൊലീസ് ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന നിഗമനത്തിലെത്തിയിരുന്നു.
കേസ് ഫയൽ വിശദമായി പഠിച്ച ശേഷമെ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. 2022 മാർച്ച് എട്ടിന് പുലർച്ചെ വർക്കല ചെറുന്നിയൂർ പന്തുവിളയിൽ രാഹുൽ നിവാസിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പുത്തൻചന്ത ആർ.പി.എൻ പച്ചക്കറിക്കടയുടമ പ്രതാപൻ (62) ഭാര്യ ഷേർളി (52), മരുമകളും രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യയുമായ അഭിരാമി (24), ഇളയമകൻ അഖിൽ (29), അഭിരാമിയുടെ മകൻ റയാൻ (8മാസം) എന്നിവരാണ് ദാരുണമായി മരിച്ചത്. ഗുരുതരമായി പൊളളലേറ്ര പ്രതാപന്റെ രണ്ടാമത്തെ മകൻ നിഹുൽ ഏറെക്കാലത്തെ ചികിത്സയ്‌ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നു.


Leave a comment