
24-01-2023
ശ്രീകാര്യം : കാർ കയറ്റിവന്ന കൂറ്റൻ കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് ആക്കുളം പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി. അപകടത്തെത്തുടർന്ന് ആക്കുളം കായലിൽവീണ ഡ്രൈവർ ബിഹാർ സ്വദേശി മുഹമ്മദ് നിസാർ ഖാനെ (36) നിസാര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം അഗ്നിരക്ഷാസേനയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
കർണാടകയിൽനിന്നു വെൺപാലവട്ടത്തെ കാർ ഷോറൂമിലേക്ക് കാറുകളുമായി എത്തിയ കണ്ടെയ്നർ ലോറിയാണ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് തുമ്പ പോലീസ് പറഞ്ഞു. ലോറിയുടെ മുൻവശം പൂർണമായും തകർന്നു.
അപകടത്തെത്തുടർന്ന് ബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ആക്കുളം പാലത്തിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറയുന്നു.


Leave a comment