
22-01-2023
ആറ്റിങ്ങൽ : ലോക്ഡൗൺ കാലത്ത് അടച്ചിട്ട കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് കോവിഡ് പ്രതിസന്ധി തീർന്നിട്ടും തുറക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കളിക്കോപ്പുകൾ ഉപയോഗിക്കാത്തതിനെത്തുടർന്ന് നാശത്തിന്റെ വക്കിലായി. പാർക്കിനുള്ളിലാകെ പുല്ലും പാഴ്‌ച്ചെടികളും വളർന്നുകയറിയനിലയിലാണ്. പാർക്കിന് സമീപത്തു കുടുംബശ്രീക്ക് ഹോട്ടൽ തുടങ്ങാൻ നിശ്ചയിച്ച കെട്ടിടമാകെ പാഴ്‌വള്ളികൾ പടർന്നുകയറിയിട്ടുണ്ട്.
ആറ്റിങ്ങൽ കൊട്ടാരത്തിനും വാമനപുരം ആറിനും ഇടയ്ക്കുള്ള ഭാഗത്താണ് കുട്ടികളുടെ പാർക്ക്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാനും മുതിർന്നവർക്ക് ആറ്റുതീരത്തിരുന്ന് വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയൊരുക്കിയിട്ടുണ്ട്.
പാർക്കിനുള്ളിൽ ആറ്റിങ്ങലുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രശാലയുമുണ്ട്. തിരുവനന്തപുരം ജില്ലാ ടൂറിസം വകുപ്പാണ് പാർക്കും ചിത്രശാലയും നിർമിച്ചത്. കഠിനംകുളം കായലോര വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി കൊല്ലമ്പുഴയെ ഉൾപ്പെടുത്തിയതിനെത്തുടർന്നായിരുന്നിത്.
പാർക്കിനോടു ചേർന്ന് ഫ്ളോട്ടിങ് ബോട്ട്ജെട്ടിയും നിർമിച്ചു. ബോട്ട് യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പാർക്കിനു സമീപം മറ്റൊരു കെട്ടിടവും നിർമിച്ചു. എന്നാൽ കഠിനംകുളം പദ്ധതി നടപ്പാകാതെപോയി. സ്ഥാപിച്ചിരുന്ന ബോട്ട്ജെട്ടി ആറ്റിൽ വെള്ളംകയറിയതോടെ നശിച്ചു. ഒരിക്കൽപ്പോലും ഇവിടേക്ക് ബോട്ടുമെത്തിയില്ല.
വിനോദസഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന പാർക്ക് 2019-ൽ 28.5 ലക്ഷം രൂപ മുടക്കി നവീകരിച്ചശേഷം നഗരസഭയ്ക്കു കൈമാറി.
നവീകരിച്ച പാർക്കിന്റെ പ്രവർത്തനം 2019 സെപ്‌റ്റംബറിൽ തുടങ്ങി. പിന്നീടിവിടെ വൈകുന്നേരങ്ങളിൽ കുട്ടികളുടെ തിരക്കായിരുന്നു.
ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ നിന്നായി നിരവധിപ്പേരാണ് കുട്ടികളുമായി എത്തിയിരുന്നത്.
പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ ഏഴുവരെയും അവധിദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെയുമായിരുന്നു പ്രവേശനം. പ്രവേശനം സൗജന്യമായിരുന്നു.
15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കളിക്കോപ്പുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നത്. മുതിർന്ന കുട്ടികൾക്കായി ചെസ്, കാരംസ്, റിങ്‌ബോൾ എന്നീ വിനോദോപാധികളും ഒരുക്കിയിരുന്നു.
പാർക്കിൽ ജനത്തിരക്കേറിയപ്പോൾ സമീപത്തെ കെട്ടിടം കുടുംബശ്രീക്ക് ഹോട്ടൽ നടത്താൻ വിട്ടുകൊടുക്കാൻ നഗരസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിർമാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
എന്നാൽ പ്രവർത്തനം തുടങ്ങുംമുൻപേ ലോക്ഡൗണെത്തുകയും പാർക്കിനു താഴുവീഴുകയും ചെയ്തു. കോവിഡ് പ്രതിസന്ധി അയഞ്ഞെങ്കിലും പാർക്ക് തുറക്കാൻ നടപടികളുണ്ടായില്ല. ഇതിനിടയിൽ ഒന്നുരണ്ടു തവണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പാർക്കും പരിസരവും ശുചീകരിച്ചതൊഴികെ മറ്റൊരു പ്രവർത്തനവും നടന്നില്ല.
മധ്യവേനലവധിയെത്തുമ്പോഴെങ്കിലും പാർക്ക് തുറന്നുകിട്ടുമോയെന്നാണ് കുട്ടികളും രക്ഷിതാക്കളും ചോദിക്കുന്നത്.
പാർക്ക് നവീകരിക്കൻ പദ്ധതിയായി
പാർക്ക് നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള പദ്ധതിയുമിവിടെ നടപ്പാക്കും. ഇതിനായുള്ള കടലാസ് ജോലികൾ നടക്കുകയാണ്.
മധ്യവേനലവധിക്ക് മുൻപ് പാർക്ക് നവീകരിച്ച് കുട്ടികൾക്ക് തുറന്നുകൊടുക്കും.
എസ്.കുമാരി, നഗരസഭാധ്യക്ഷ.


Leave a comment