സർക്കാർ ജീവനക്കാരും വിദ്യാർഥികളും തൊഴിലാളികളും ഏറെ ആശ്രയിക്കുന്ന മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനോട് അധികൃതർക്ക് ഇപ്പോഴും അവഗണന.

21-01-2023

മംഗലപുരം : സർക്കാർ ജീവനക്കാരും വിദ്യാർഥികളും തൊഴിലാളികളും ഏറെ ആശ്രയിക്കുന്ന മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനോട് അധികൃതർക്ക് ഇപ്പോഴും അവഗണന. സ്റ്റേഷന് റെയിൽവേയുടെ യാതൊരു പരിപാലനവും ലഭിക്കുന്നില്ല. റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം കാടുപിടിച്ചിട്ട് വർഷങ്ങളായിട്ടും വൃത്തിയാക്കുന്നതിനായി നടപടികളൊന്നുമില്ല. 

സ്‌റ്റേഷനിലേക്ക് വന്നു പോകുന്നതിനായി യാത്രക്കാർ ഉപയോഗിക്കുന്ന റോഡിന് ഇരുവശവും കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമാണ്. റെയിൽവേ ജീവനക്കാർ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിസരവും പഴയപാളങ്ങൾ കൊണ്ടിട്ടിരിക്കുന്നതും ഇവിടെയാണ്. ഈ പ്രധാന വഴിയിൽ മാലിന്യം തള്ളുന്നതും പതിവാണ്.

മലബാർ എക്‌സ്‌പ്രസിനും മൂന്ന് ഷട്ടിൽ സർവീസുകൾക്കും മുരുക്കുംപുഴയിൽ സ്റ്റോപ്പുണ്ട്. ധാരാളം യാത്രക്കാരാണ് നിത്യവും ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നത്. തെരുവു വിളക്കുകൾ കത്താത്തതും തെരുവുനായകളുടെ ശല്യവും ഇഴജന്തുക്കളുടെ ആക്രമണവുമെല്ലാം രാത്രികാലങ്ങളിൽ യാത്രക്കാരെ ഭയപ്പാടിലാക്കുന്നുണ്ട്. റെയിൽവേ ഗേറ്റിന് സമീപം റോഡിലെ ടാർ ഇളകിക്കിടക്കുന്നത് നന്നാക്കാനുള്ള നടപടികൾ പോലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്.

റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിമാറ്റാനും സ്റ്റേഷൻപരിസരത്ത് മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാവണമെന്ന് യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അനുദിനം വികസനത്തിന്റെ പാതയിലാണ് മുരുക്കുംപുഴയും മംഗലപുരവും.

മുരുക്കുംപുഴയിലെ കായലോര ടൂറിസം യാഥാർഥ്യമാകുമ്പോളിവിടം വിനോദ സഞ്ചാരമേഖലയായി മാറും. ടെക്‌നോസിറ്റിയുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 

ദൂരസ്ഥലങ്ങളിൽ നിന്നും തീവണ്ടിയിലെത്തുന്നവർക്ക് ടെക്‌നോസിറ്റിയിൽനിന്ന്‌ ഇവിടെയെത്തിച്ചേരാൻ എളുപ്പം മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനാണ്. എന്നാൽ ഈ സാധ്യതകളൊന്നും കണ്ടില്ലെന്ന മട്ടിലാണ് റെയിൽവേ. ടെക്‌നോസിറ്റി പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ തീവണ്ടികൾക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആവശ്യമായിവരുമെന്ന് യാത്രക്കാർ പറയുന്നു. പക്ഷേ ഉള്ള സംവിധാനങ്ങൾപോലും നന്നാക്കാൻ അധികൃതർ തയ്യാറാകാത്തത് വലിയ പ്രതിഷേധമുയർത്തുന്നുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started