
21-01-2023
നെടുമങ്ങാട് : സംസ്ഥാനത്ത് ഒരു കുടുംബത്തെപ്പോലും തലചായ്ക്കാൻ ഇടമില്ലാത്ത അനാഥാവസ്ഥയിലേക്കു തള്ളിവിടാൻ ഇടതുസർക്കാർ അവസരമൊരുക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞവർഷം അമ്പലംമുക്കിൽ മോഷ്ടാവിന്റെ കത്തിക്കിരയായി കൊല്ലപ്പെട്ട വിനിതയുടെ മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടി സി.പി.എം. പഴകുറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി വി.ജോയി അധ്യക്ഷനായി. വിനിതയുടെ മാതാപിതാക്കളായ വിജയൻ, രാഗിണി, മക്കൾ എന്നിവർ ചേർന്ന് താക്കോൽ സ്വീകരിച്ചു.
പേരൂർക്കട അമ്പലംമുക്കിലെ ചെടിത്തോട്ടത്തിൽ ജീവനക്കാരിയായിരിക്കുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വിനിത(37) കൊല്ലപ്പെട്ടത്.
കന്യാകുമാരി തോവാള വെള്ളമഠം സ്വദേശി രാജേഷ്(രാജേന്ദ്രൻ-47) ആണ് സ്വർണമാലയ്ക്കു വേണ്ടി വിനിതയെ കുത്തിക്കൊന്നത്. അനാഥമായ കുടുംബത്തെ സി.പി.എം. ഏറ്റെടുത്ത് സ്ഥലംവാങ്ങി വീട് വെച്ചു നൽകുകയായിരുന്നു. ചടങ്ങിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.മുരളി, ഏരിയാ സെക്രട്ടറി ആർ.ജയദേവൻ, ജില്ലാ കമ്മിറ്റിയംഗം കെ.പി.പ്രമോഷ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷിജൂഖാൻ, പി.ഹരികേശൻ നായർ എന്നിവർ സംസാരിച്ചു.


Leave a comment