പോലീസ് തണലിൽ വളർന്ന് മണ്ണ് മാഫിയ

21-01-2023

തിരുവനന്തപുരം : നഗരത്തിലെ നിർമാണപ്രവർത്തനങ്ങൾക്കായി കോടിക്കണക്കിനു രൂപയുടെ മണ്ണെത്തുന്നത് മംഗലപുരം, പോത്തൻകോട്, കഠിനംകുളം മേഖലകളിൽനിന്നാണ്. നഗരത്തിലെ എണ്ണംപറഞ്ഞ ഗുണ്ടകളാണ് ഇതു നിയന്ത്രിക്കുന്നത്. ഒപ്പം വിവരങ്ങൾ ചോർത്താനും സഹായിക്കാനും പോലീസും. ഗുണ്ടകൾക്കു രാഷ്ട്രീയസംരക്ഷണംകൂടി ലഭിക്കുന്നതോടെ നാട്ടുകാർക്കു പരാതി നൽകാൻപോലും ഭയമാണ്. 

വർഷങ്ങളായി ഇത്തരം സംഘങ്ങളെ സഹായിക്കുന്ന പോലീസുകാർക്കെതിരേ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇടയ്ക്ക് എന്തെങ്കിലും വിവാദങ്ങളുണ്ടാകുമ്പോൾ സ്ഥലംമാറ്റപ്പെടുന്നവർ പൂർവാധികം ശക്തരായി തിരിച്ചെത്തും. പക്ഷേ, ഇപ്പോൾ മുഖ്യമന്ത്രി നേരിട്ടിടപെട്ടതോടെയാണ് മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും തെറിക്കുന്നത്. ഇത്തരമൊരു നടപടി അപൂർവത്തിൽ അപൂർവമാണ്. 

കളിമണ്ണിൽനിന്നു ലഭിക്കുന്ന ഉപയോഗമില്ലാത്ത മണ്ണ് നിലവും കായലും നികത്താൻ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മംഗലപുരം ഗുണ്ടകളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. എന്നാൽ, കളിമൺ ഖനനം കുറഞ്ഞതോടെ ഇവർ കുന്നിടിച്ചു നികത്താൻ തുടങ്ങി. ഇതിനു സഹായിക്കുന്ന പോലീസുകാരെ ചില സ്റ്റേഷനുകളിൽ തിരഞ്ഞെടുത്തു നിയമിക്കാൻ രാഷ്ട്രീയനേതൃത്വവും സഹായിച്ചു. ഇതോടെ പോലീസുകാരും അക്രമിസംഘങ്ങളുമായുള്ള സൗഹൃദവും വലുതായി. ഇവർ ചെയ്യുന്ന അക്രമപ്രവർത്തനങ്ങൾപോലും പോലീസ് കണ്ടില്ലെന്നു നടിച്ചു. പരാതികളിൽ കേസുകൾ എടുക്കാതായി. കഠിനംകുളം, മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പുതിയ ക്രിമിനൽ സംഘങ്ങൾ വളർന്നുവരാൻ തുടങ്ങി. 

പുതിയ സംഘങ്ങൾ ലഹരിക്കടത്തും ക്വട്ടേഷനും അടക്കമുള്ള പുതിയ കച്ചവടങ്ങളും തുടങ്ങി. ഒട്ടകം രാജേഷ് അടക്കമുള്ളവരുടെ സംഘങ്ങൾ ഇത്തരത്തിൽ വളർന്നുവന്നതാണ്. തലസ്ഥാനത്ത് ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രവും നഗരാതിർത്തിയോടു ചേർന്നുള്ള ഇവിടമാണ്. പോലീസിന്റെ കണ്ണുവെട്ടിക്കാനുള്ള ഒളിത്താവളങ്ങളുള്ളതും നഗര-ഗ്രാമ പോലീസ് മേഖലകളുടെ അതിർത്തിയാണെന്നതും ഈ പ്രദേശത്തെ ഗുണ്ടകൾക്കു പ്രിയപ്പെട്ടതാക്കുന്നു. ഇവരുടെ ഏറ്റുമുട്ടൽ ഒരു കൊലപാതകത്തിലാണ് അവസാനിച്ചത്.

പക്ഷേ, അപ്പോഴും പോലീസ്-ഗുണ്ട കൂട്ടുകെട്ടു തടയാനായില്ല. വൻതോതിൽ കുന്നുകൾ ഇടിച്ചുനിരത്തുന്നതും കായൽ നികത്തുന്നതും തുടർന്നുകൊണ്ടേയിരുന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനുകൾ മാറിമാറി ഒരുവിഭാഗം പോലീസുകാരും ഇതിന്റെ പങ്കുപറ്റി.

മംഗലപുരത്ത്‌ ഇപ്പോൾ നടപടി നേരിട്ട പലരും ഇത്തരത്തിൽ തുടരുന്നവരാണ്. ഇപ്പോൾ ഇതിൽ പലരെയും മാറ്റിയതും തൊട്ടടുത്ത സ്റ്റേഷനുകളിലേക്കാണ്. അതുകൊണ്ടുതന്നെ മണ്ണുകടത്ത് സംഘങ്ങൾക്ക് ഇവരുടെ സഹായം ഇനിയും ലഭിക്കുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started