.jpg?$p=3c0c101&f=16x10&w=856&q=0.8)
തിരുവനന്തപുരം: പോലീസുദ്യോഗസ്ഥര്‍ക്കെതിരേയുള്ള കേസുകളില്‍ അന്വേഷണവും അറസ്റ്റുമില്ല. ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പും അടക്കം ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാരെപ്പോലും സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്.
മുന്‍കൂര്‍ ജാമ്യം വരെ അന്വേഷണം നീട്ടും
പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അയിരൂര്‍ പോലീസ് സ്റ്റേഷന്‍ മുന്‍ എസ്.എച്ച്.ഒ. ജയസനിലിന് എതിരേ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസ് അനങ്ങിയിട്ടില്ല.
റിസോര്‍ട്ടുകളില്‍ നിന്നു വ്യാപകമായി കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നപ്പോഴാണ് സി.ഐ.ക്കെതിരേ പുതിയ പരാതി വന്നത്. വിദേശത്തായിരുന്ന പോക്‌സോ കേസിലെ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാട്ടിലെത്തിച്ചത്. റൂറല്‍ എസ്.പി.യുടെ കീഴിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ അന്വേഷണം നീട്ടിക്കൊണ്ടു പോകാനാണ് ഇപ്പോള്‍ ശ്രമം.
രണ്ട് പീഡനം, എന്നിട്ടും അറസ്റ്റില്ല
നെടുമങ്ങാട് സി.ഐ. എ.വി.സൈജുവിനെതിരേ രണ്ട് ലൈംഗിക പീഡനക്കേസുണ്ടായിട്ട് പോലും അറസ്റ്റ് ഒഴിവാക്കി സംരക്ഷിക്കുകയായിരുന്നു. ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിട്ടും സഹപ്രവര്‍ത്തകന്റെ അറസ്റ്റ് ഒഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി. അടക്കമുള്ളവര്‍ ശ്രമിച്ചത്. റൂറല്‍ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായിരുന്നു സൈജു. മലയിന്‍കീഴ് സ്റ്റേഷനിലിരിക്കുമ്പോള്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലും, നെടുമങ്ങാട്ട് വച്ച് പനവൂര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലുമാണ് ഇയാള്‍ പ്രതിയായത്.
ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ ജാമ്യം ലഭിക്കാനായി സ്റ്റേഷനിലെ ലാപ്ടോപ്പുപയോഗിച്ച് വ്യാജരേഖ ചമച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് മലയിന്‍കീഴ് കേസിലെ മുന്‍കൂര്‍ ജാമ്യവും കോടതി റദ്ദാക്കി. തുടര്‍ന്ന് ഇയാളെ താത്കാലികമായി അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് ലഭിക്കുന്നതുവരെ പോലീസ് മറ്റ് നടപടികളെല്ലാം വൈകിപ്പിച്ചു. ഈ കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സൈജുവിന്റെ സഹപ്രവര്‍ത്തകരായ പോലീസുകാരും രാഷ്ട്രീയക്കാരും ഇപ്പോഴും പരാതിക്കാരിയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
സഹപ്രവര്‍ത്തകരെ പറ്റിച്ചാലും നടപടിയില്ല
പോലീസുകാരില്‍ നിന്നുള്‍പ്പെടെ ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത പാങ്ങോട് ഭരതന്നൂര്‍ സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ രവിശങ്കറിനെതിരേയുള്ള പരാതിയും നെടുങ്ങാട് സ്റ്റേഷനില്‍ വിശ്രമത്തിലാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി. തന്നെയാണ് ഇതിന്റേയും അന്വേഷണം.
ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പോലീസുകാരുള്‍പ്പെടെ രവിശങ്കര്‍ പലരില്‍ നിന്നായി പണം തട്ടിച്ചത്. പഴകുറ്റി കല്ലമ്പാറയില്‍ ആലീസ് ബ്ലൂഗ്രോത്ത് ഇന്‍വൈറ്റബിള്‍ എന്ന പേരില്‍ സാമ്പത്തിക സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇയാളും സസ്‌പെന്‍ഷനിലാണ്.
അയല്‍ക്കാര്‍ക്കും രക്ഷയില്ല
ഇപ്പോള്‍ ഇടുക്കിയില്‍ ജോലിചെയ്യുന്ന ഒരു ഡിവൈ.എസ്.പി.ക്കെതിരേ 2019-ല്‍ പൂജപ്പുര പോലീസ് അയല്‍ക്കാരനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് കേസെടുത്തിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ചിനാണ് അന്വേഷണം. പക്ഷേ പരാതിക്കാരേയും സാക്ഷികളേയും ഭീഷണിപ്പെടുത്തി പിന്‍മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നത്.
സാക്ഷികള്‍ പലരും ഇയാളുടെ ഭീഷണികള്‍ കാരണം മാറിതാമസിക്കുകയും ചെയ്തു. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ ക്രിമിനല്‍ കേസ് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും അന്വേഷണ സംഘം തയാറായിട്ടില്ല.


Leave a comment