കടയ്ക്കാവൂർ ചെക്കാലവിളാകം ചന്ത നവീകരണത്തിന്റെ 2.65 കോടിയുടെ പദ്ധതി കച്ചവടം റോഡരികിൽ

19-01-2023

കടയ്ക്കാവൂർ : ചിറയിൻകീഴ് താലൂക്കിലെ പ്രധാന ചന്തകളിലൊന്നായ ചെക്കാലവിളാകം ചന്ത പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. ആധുനികരീതിയിൽ ചെക്കാലവിളാകം ചന്ത നവീകരിക്കുമെന്ന വാഗ്ദാനം നൽകി കച്ചവടക്കാരെ ഒഴിപ്പിച്ചിട്ട് എട്ടുമാസം പിന്നിട്ടിട്ടും യാതൊരു നിർമാണവും തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമായി.

കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം, ചിറയിൻകീഴ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു നിരവധി ആളുകളാണ് ദിനംപ്രതി ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നത്. മുപ്പതോളം കടമുറികളും മത്സ്യവിപണന കേന്ദ്രവും ചെറുകിട വ്യാപാരങ്ങൾക്കുമായി നൂറോളം പേരാണ് ചന്തയിൽ കച്ചവടത്തിനായിയെത്തിയിരുന്നത്. 

കിഫ്ബിയിൽനിന്ന്‌ 2.65 കോടി രൂപയാണ് ചന്ത നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ബലക്ഷയം വന്നതുൾപ്പെടെയുള്ള മുഴുവൻ പഴയകെട്ടിടങ്ങളും പൊളിച്ച് പുതിയവ നിർമിക്കുന്നതിനായി കഴിഞ്ഞ ജൂൺ 15-നാണ് കച്ചവടക്കാരെ മുഴുവൻ ചന്തയിൽനിന്ന്‌ ഒഴിപ്പിച്ചത്. കച്ചവടം ചെയ്യുന്നതിനായി ഒരു സൗകര്യവും ഒരുക്കാതെ ഒഴിപ്പിച്ചതോടെ വഴിയാധാരമായി മാറിയിരിക്കുകയാണ് കച്ചവടക്കാർ. ചന്ത ഒഴിപ്പിച്ചതോടെ ചന്തയ്ക്കു മുന്നിലുള്ള റോഡിന്റെ വശങ്ങളിലിരുന്നാണ് ഇവരിപ്പോൾ കച്ചവടം ചെയ്യുന്നത്.

ബസ് സർവീസ് ഉൾപ്പെടെയുള്ള നിരവധി വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ റോഡിലെ കച്ചവടം പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ചന്ത ഒഴിപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കച്ചവടം നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കുവാൻ അധികാരികൾക്കായിട്ടില്ല. 

ചന്ത ഒഴിപ്പിച്ചതോടെ വാടകയിനത്തിൽ ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് നഷ്ടമായികൊണ്ടിരിക്കുന്നത്. 

ചന്ത ആധുനികീകരിച്ച് പൊതു മാർക്കറ്റായി മാറ്റുമെന്ന് നോട്ടീസ് നൽകിയാണ് വ്യാപാരികളെ ഒഴിപ്പിച്ചത്. എന്നാൽ ചന്ത മത്സ്യമാർക്കറ്റായി നവീകരിക്കാൻ പോകുന്നുവെന്ന രീതിയിൽ പഞ്ചായത്തിന്റേതെന്ന പേരിൽ ഒപ്പോ സീലോ ഇല്ലാത്ത നോട്ടീസ് ചന്തയിൽ പതിച്ചിട്ടുണ്ട്. ഇത് മറ്റുകച്ചവടക്കാരെ ആശങ്കയിലാക്കുന്നുണ്ട്.

മുതലപ്പൊഴിയിൽനിന്നുള്ള മത്സ്യത്തിന്റെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നാണ് ചെക്കാലവിളാകം ചന്ത. അതുകൊണ്ടുതന്നെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്നായി മത്സ്യം വാങ്ങുന്നതിനായി ധാരാളമാളുകൾ ഇവിടെയെത്തിയിരുന്നു. 

ചന്തയില്ലാതായതോടെ ഇവിടേക്കെത്തിയിരുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞു. ഇതു മത്സ്യക്കച്ചവടത്തെ ബാധിച്ചതോടെ മത്സ്യത്തൊഴിലാളികളിപ്പോൾ മറ്റു പലയിടങ്ങളിലാണ് കച്ചവടം ചെയ്യുന്നത്. 

ചന്തയിൽ ആളുകളെത്താതായത് പച്ചക്കറിയുൾപ്പെടെയുള്ളവയുടെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. ഇനി നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയാൽത്തന്നെ എത്രകാലംകൊണ്ട് പൂർത്തിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എത്രയുംവേഗം നവീകരണപ്രവർത്തനങ്ങൾ തുടങ്ങണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started