വാമനപുരം പഴയപാലത്തിൽ വിള്ളൽ

bridge

18-01-2023

വാമനപുരം: വാമനപുരം പഴയപാലത്തിൽ വിള്ളൽ. ചരിത്ര സ്മൃതികളും കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതാപവും പേറി വാമനപുരം നദിക്ക് കുറുകെ വാമനപുരത്തെയും കാരേറ്റിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന വാമനപുരം പഴയ പാലം അധികൃതരുടെ അനാസ്ഥമൂലം വീണ്ടും നാശത്തിന്റെ വക്കിൽ. കുറച്ച് മാസങ്ങൾക്കു മുൻപ് ഈ പാലം തുരുമ്പെടുത്തും കാടുപിടിച്ചും അവഗണനയിലായിരുന്നു.ഇതേ തുടർന്ന് പി.ഡബ്ല്യു.ഡി.യുടെ ബ്രിഡ്ജ് ആൻഡ് വാൾ വിഭാഗം പാലത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുകയും 18 ലക്ഷം രൂപ അനുവദിച്ച് നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പാലത്തിന് മുകളിൽ വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും പോകുന്ന ഈ പാലത്തിൽ കഴിഞ്ഞ കുറെ നാളുകളായി പാറ ഉൾപ്പെടെ ലോഡും കയറ്റി ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ അമിത ഭാരം കയറിയാണ് പാലം ഇപ്പോൾ അപകടാവസ്ഥയിലായത്.

 പാലം സംരക്ഷിക്കണം

ആധുനിക കാലത്ത് പണികഴിപ്പിച്ച പല പാലങ്ങളും തകർന്ന് പുതിയത് നിർമ്മിച്ചപ്പോഴും കാലപ്പഴക്കം ഒഴിച്ച് മറ്റ് കേടുപാടുകൾ ഒന്നുമില്ലാതെ നിലകൊണ്ടിരുന്ന ഈ പാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എൻജിനിയറിംഗ് വൈദഗ്ദ്ധ്യത്തിന് ഉത്തമ ഉദാഹരണമാണ്. കാളവണ്ടി, കുതിരവണ്ടി തുടങ്ങി ആധുനിക വാഹനങ്ങളെ വരെ അക്കരെ ഇക്കരെ എത്തിച്ചിരുന്ന ഈ പാലം, വർദ്ധിച്ച വാഹന തിരക്കും, പാലത്തിന്റെ വീതിക്കുറവ്, കാലപ്പഴക്കം എന്നിവയൊക്കെ കൊണ്ട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചതോടെ ഗതകാല മഹത്വം പേറുന്ന മുത്തശ്ശി പാലത്തെ എല്ലാവരും അവഗണിച്ചു. അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചാൽ കാൽ നടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഈ പാലത്തെ ഉപയോഗിക്കാനാകും.

 പാലം പൈതൃക സ്വത്താക്കണം

കാരേറ്റ് – വാമനപുരം പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഒരു പരിധിവരെ ഈ പാലത്തിന് കഴിയും. ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായി നിലകൊള്ളുന്ന ഈ പാലം ചരിത്ര വിദ്യാർത്ഥികൾക്കും ചരിത്ര ഗവേഷകർക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. ഈ പാലത്തെ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക സ്വത്തായി കണക്കാക്കണമെന്നാണ് നാട്ടുകാരുടെയും ചരിത്ര വിദ്യാർത്ഥികളുടെയും ആവശ്യം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started