
18-01-2023
കഴക്കൂട്ടം : ബിരിയാണി കഴിച്ചശേഷം ഭക്ഷണത്തിൽനിന്ന് പാറ്റയെ കിട്ടിയെന്ന് ബഹളംവെച്ച രണ്ടുപേർ ഹോട്ടലുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് ഓടി രക്ഷപ്പെട്ടു. കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിലായിരുന്നു സംഭവം.
രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കൾ ആദ്യം ഹോർലിക്‌സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്തു.
കഴിച്ചു തീരാറായപ്പോഴാണ് ബിരിയാണിയിൽ പാറ്റ കിടക്കുന്നതായി ബഹളമുണ്ടാക്കിയത്.
പാറ്റയ്ക്ക് ചൂടു ബിരിയാണിയിൽ കിടന്നതിന്റെ ലക്ഷണമില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞതോടെ സംഘത്തിലെ ഒരാൾ തന്ത്രപൂർവം പുറത്തിറങ്ങി. പിന്നാലെ രണ്ടാമനും. അതിലൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ഇരുചക്രവാഹനത്തിന് നമ്പർ പ്ലേറ്റില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാർ മറ്റേയാളെ തടഞ്ഞു വെച്ചു. പിന്നീട് ഇയാളും ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ മംഗലപുരം പോലീസ് ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. മോഷണ വാഹനമായതിനാലാണ് നമ്പർ പ്ലേറ്റ് നീക്കം ചെയ്തതെന്നാണ് പോലീസ് നിഗമനം. ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.


Leave a comment