
18-01-2023
അരുവിക്കര : അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് ഒൻപതുലക്ഷത്തോളം രൂപയും 35 പവനും കവർന്നു.
ജയ്ഹിന്ദ് ടി.വി. ടെക്നിക്കൽ വിഭാഗം ജീവനക്കാരൻ ആർ.മുരുകന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസർച്ച് ഓഫീസർ പി.ആർ.രാജിയുടെയും അരുവിക്കര ചെറിയകൊണ്ണി കാവുനടയിലുള്ള ‘ഉത്രാടം’ വീട്ടിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് മോഷണം.
വീട്ടിൽ നിന്നും രണ്ടുപേർ മതിൽചാടി സഞ്ചിയുംതൂക്കി സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറി പോകുന്നത് അയൽവാസിയായ ഒരു സ്ത്രീ കണ്ടു. ഇവർ മറ്റുനാട്ടുകാരെയും മുരുകനെയും ഭാര്യയെയും വിവരം അറിയിച്ചു.
മുരുകനും ഭാര്യയും ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയപ്പോൾ വീട് കുത്തിത്തുറന്ന് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ പ്രധാന വാതിൽ കുത്തി പ്പൊളിച്ച് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 8,65,000 രൂപയും 35 പവന്റെ സ്വർണാഭരണങ്ങളും അപഹരിച്ചതായി കണ്ടെത്തി.
മുരുകന്റെ ഭാര്യയുടെ വസ്തുവിറ്റ വകയിൽ ലഭിച്ച അഡ്വാൻസ് തുകയായ 8 ലക്ഷം രൂപയും അമ്മായി അമ്മയുടെ 65,000 രൂപയും ഭാര്യയുടെയും മകളുടെയും 35 പവൻ സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്.
ഭാര്യയും ഭർത്താവും ജോലിക്കും മകൾ സ്കൂളിലും പോയ സമയത്താണ് മോഷണം. മറ്റൊരു വസ്തുവിന് അഡ്വാൻസ് നൽകാനാണ് ഇത്രയും രൂപ വീട്ടിൽ സൂക്ഷിച്ചിരുന്നത്.
സംഭവമറിഞ്ഞ് അരുവിക്കര സി.ഐ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിദഗ്ദ്ധർ, എന്നീ സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരുന്നുണ്ട്.


Leave a comment