
18-01-2023
ചിറയിൻകീഴ് : ശാർക്കര ക്ഷേത്രഭൂമി ഉത്സവ ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ലേലംചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ നടപടിക്കെതിരേ പ്രതിഷേധം. പ്രദേശവാസികളും ഹിന്ദു സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഓഫീസറുടെ നേതൃത്വത്തിൽ ശാർക്കര ക്ഷേത്രപ്പറമ്പ് വാഹന ഗതാഗതത്തിനും ഡ്രൈവിങ് പഠനത്തിനുമായി ലേലംചെയ്ത് കൊടുക്കുന്നതിനെതിരേയാണ് നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധിച്ചത്.
ഹിന്ദു ഐക്യവേദി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാസമാജം സംഘടനാ പ്രതിനിധികളും പ്രദേശവാസികളും തങ്ങളുടെ ആശങ്ക ശാർക്കര ദേവസ്വം അഡ്മിനിസ്‌ട്രേറ്ററിനെ അറിയിച്ചു.
തുടർന്ന് ചിറയിൻകീഴ് പോലീസിന്റെയും സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായി നടത്തിയ ചർച്ചയിൽ ക്ഷേത്രഭൂമിയിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിർത്തിവയ്പ്പിക്കുമെന്നും ലേലനടപടികൾ മേലുദ്യോഗസ്ഥരുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നുള്ള ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഹിന്ദു ഐക്യവേദി ജില്ലാ ഉപാധ്യക്ഷൻ കായിക്കര അശോകൻ, താലൂക്ക് അധ്യക്ഷൻ അഴൂർ ജയൻ, താലൂക്ക് ജനറൽ സെക്രട്ടറി സുനിൽകുമാർ ബാബു, താലൂക്ക് ട്രഷറർ വി.എസ്.ബാബു, വർക്കിങ് പ്രസിഡന്റ് വക്കം ബിജു, ശബരിമല അയ്യപ്പ സേവാസമാജം ജില്ലാ ജനറൽ സെക്രട്ടറി ജി.കെ.ജയപലൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സേവാ പ്രമുഖ് ഉദയസിംഹൻ, യോഗക്ഷേമസഭ പ്രതിനിധി ബാലസുബ്രഹ്മണ്യം നമ്പൂതിരി, ചിറയിൻകീഴ് ബാബു, അനൂപ് കീഴാറ്റിങ്ങൽ, താലൂക്ക് സഹകാര്യവാഹക് സി.എസ്.നാഗപ്പൻ, മണ്ഡൽ കാര്യവാഹക് പ്രിജിത് എന്നിവരും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു.


Leave a comment