
14-01-2023
ചിറയിൻകീഴ് : റെയിൽവേ മേൽപ്പാലം പണി തുടങ്ങിയ അന്നുമുതൽ ചിറയിൻകീഴുകാർക്ക് ദുരിതകാലമാണ്. ചിറയിൻകീഴിന്റെ വികസന വാതായനമായ റെയിൽവേ മേൽപ്പാലനിർമാണത്തെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നുവെങ്കിലും കഴിഞ്ഞ കുറെ മാസമായി നാട്ടുകാർ അനുഭവിക്കുന്നത് ദുരിതമാണ്. വഴി മുടങ്ങിയതിനു പുറമേ വെള്ളവും കിട്ടാത്ത അവസ്ഥയിലാണ് ജനങ്ങൾ.
മേൽപ്പാല നിർമാണത്തിനായി റെയിൽവേ ഗേറ്റിനുസമീപം നിർമാണം ആരംഭിച്ചതോടെയാണ് കുടിവെള്ളവും മുടങ്ങിയത്. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ ശാർക്കര, പുതുക്കരി, പണ്ടകശ്ശാല വാർഡുകളിലാണ് ആഴ്ചകളായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.
പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന നാനൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. മേൽപ്പാല നിർമാണജോലിക്കിടയിൽ പൈപ്പുപൊട്ടിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയത്. മൂന്നാഴ്ചയായി വാർഡുകളിൽ കുടിവെള്ളം ലഭിക്കുന്നില്ല.
ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പൊട്ടിയ ഭാഗം കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പുതുക്കരി ഭാഗത്തെ കിണറുകളിൽ ഓരു കലർന്ന വെള്ളമാണ് കിണറുകളിൽ ഉള്ളത്. പൊതുപൈപ്പിനെ ആശ്രയിച്ചാണ് ഇവിടത്തുകാർ ജീവിക്കുന്നത്.
കുടിവെള്ളത്തിനായി സമീപ വാർഡുകളാണ് ആശ്രയം. മേൽപ്പാല നിർമാണം ആരംഭിക്കുന്നതിനുമുൻപ് ജലവിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രശ്നമുണ്ടാകുമായിരുന്നില്ല. എന്നാൽ റെയിൽവേയും ജല അതോറിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ജനങ്ങളെ ബാധിച്ചത്. ജല അതോറിറ്റിയും നിർമാണക്കമ്പനിയും തമ്മിലുള്ള തർക്കമാണ് അധികൃതരുടെ നിസ്സംഗതയ്ക്കു കാരണമെന്നാണ് സൂചന.
റെയിൽവേ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റടച്ചതോടെ പണ്ടകശ്ശാല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് നിവാസികളുടെ നേർവഴി അടഞ്ഞു. ഇതേസമയം ബദൽ റോഡായ ശാർക്കര പണ്ടകശ്ശാല റോഡ് പുനർനിർമാണത്തിനായി റോഡിലെ ഓട പൊളിക്കുകയും ചെയ്തു. ടാറിങ് നടക്കാത്തതിനാൽ ഗതാഗതം സുഗമമല്ല. കൂടാതെ പ്രദേശവാസികൾക്ക് വീടുകളിലേക്ക് കടക്കാൻ ഓട ചാടിക്കടക്കേണ്ട അവസ്ഥയും. ഈ ദുരിതങ്ങൾക്ക് പുറമേയാണ് കുടിവെള്ളക്ഷാമവും ജനങ്ങൾക്ക് ബാധ്യതയാകുന്നത്.


Leave a comment