
14-01-2023
വർക്കല : റെയിൽവേ ജോലിക്കിടെ പൈപ്പ് പൊട്ടൽ തുടർച്ചയായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി.
ഗുഡ്ഷെഡ്ഡ് റോഡിന്റെ സമീപപ്രദേശങ്ങൾ, കണ്ണംബ, ചെറുകുന്നം, ചാലുവിള, തൊടുവെ ഭാഗങ്ങളിലാണ് കഴിഞ്ഞ മൂന്നാഴ്ചയായി ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം കിട്ടാക്കനിയായത്.
ഈ മേഖലയിൽ കിണറില്ലാത്ത നൂറിലധികം വീട്ടുകാർക്ക് പൈപ്പുവെള്ളം മാത്രമാണ് ആശ്രയം. ഇവർ 400 മുതൽ 600 രൂപവരെ നൽകി ടാങ്കറിൽ വെള്ളം എത്തിക്കേണ്ട അവസ്ഥയിലാണ്.
റെയിൽവേ ജോലിക്കിടെ ആറുതവണയാണ് പൈപ്പ് പൊട്ടിയത്. വെള്ളിയാഴ്ച രാവിലെ ചെറുകുന്നം ഭാഗത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി. ശിവഗിരി തീർഥാടനത്തിന് മുൻപ് തുടങ്ങിയ പൈപ്പു പൊട്ടലിപ്പോഴും തുടരുകയാണ്. ഗുഡ് ഷെഡ്ഡ് റോഡ് ഭാഗത്ത് റെയിൽവേയുടെ സിഗ്നൽ കേബിൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. ഭൂമി തുരന്നാണ് കേബിളുകൾ ഇടുന്നത്. ഇത് ചെയ്യുന്നതിനിടെയാണ് പൈപ്പ് പൊട്ടുന്നത്.
ജല അതോറിറ്റിയുടെ ചെറുതും വലുതുമായ മൂന്ന് പൈപ്പുകൾ റോഡിലൂടെ കടന്നുപോകുന്നുണ്ട്. ഇതിൽ 400, 100 എം.എം. പൈപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പൊട്ടിയത്.
റെയിൽവേ ഭൂമിയിലൂടെയാണ് ഗുഡ്ഷെഡ്ഡ് റോഡ് കടന്നുപോകുന്നത്. ജല അതോറിറ്റിയുടെ പൈപ്പുകളും റോഡിലാണുള്ളത്. അതിനാൽ പൈപ്പ് പൊട്ടിയാലും റെയിൽവേ അറിയിക്കാറില്ലെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. തങ്ങളുടെ സ്ഥലത്താണ് ജോലികൾ നടത്തുന്നതെന്നും പൈപ്പിന്റെ കാര്യം തങ്ങൾക്കറിയില്ലെന്ന നിലപാടാണ് റെയിൽവേക്കുള്ളത്. ജോലിയുടെ കാര്യം മുൻകൂട്ടി അറിയിക്കാത്തതിനാൽ പൈപ്പ് കടന്നുപോകുന്ന ഭാഗം ശ്രദ്ധയിൽപ്പെടുത്താൻ ജല അതോറിറ്റിക്കും കഴിയാറില്ല.
പൈപ്പ് ചോർച്ച മാറ്റി വെള്ളം വന്നുതുടങ്ങിയാലും കണ്ണംബ, ചാലുവിള പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ വെള്ളമെത്താറില്ലെന്ന് നഗരസഭാ കൗൺസിലർ പ്രിയാ ഗോപൻ പറഞ്ഞു. പൈപ്പ് പൊട്ടൽ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ല. എത്രയുംവേഗം ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെ അണിനിരത്തി സമരത്തിലേക്ക് നീങ്ങുമെന്നും കൗൺസിലർ പറഞ്ഞു.


Leave a comment