
14-01-2023
കഴക്കൂട്ടം : പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. പ്രതികളെ പിടികൂടാനെത്തിയ പോലീസിനു നേരേ പടക്കവും മഴുവും എറിഞ്ഞ് സംഘത്തിലെ ചിലർ രക്ഷപ്പെട്ടു. പിടിയിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽ വെച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
പുത്തൻതോപ്പ് ലൗ ലാൻഡിൽ നോർബെറ്റിന്റെ മകൻ നിഖിൽ നോർബെറ്റി (21)നെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. പാച്ചിറ ഷെഫീഖ് മൻസിലിൽ ഷമീർ, ഷമീറിന്റെ മാതാവ് ഷീജ എന്നിവരാണ് പിടിയിലായത്. പിടിയിലായ ഷീജയെ പിന്നീട് റിമാൻഡു ചെയ്തു.
കണിയാപുരത്തെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാൻ ബൈക്കിലെത്തിയ നിഖിലിനെ തടഞ്ഞുനിർത്തിയശേഷം ഗുണ്ടാസംഘത്തിലെ രണ്ടുപേർ ബൈക്കിൽ കയറി. ഇരുവരും ചേർന്ന് നിഖിലിനെ മധ്യത്തിൽ ഇരുത്തിയശേഷം അരയിൽ പടക്കവും വാളും തിരുകിവെച്ചു.
കാവോട്ടുമുക്ക്, നഗരത്തിലെ ചിറക്കുളം കോളനി, കഴക്കൂട്ടം എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി മറ്റ് മൂന്നുപേരുമായി ചേർന്ന് ക്രൂരമായി മർദിച്ചു. മുതുകിൽ കത്തിയുപയോഗിച്ചും ചെറിയ മഴു ഉപയോഗിച്ചും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് മേനംകുളത്തും എത്തിച്ചു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ നിഖിലിന്റെ പിതാവ് നോർബെറ്റിനെ ഫോണിൽ വിളിച്ച് മകനെ വിട്ടുനൽകാൻ അഞ്ചുലക്ഷം രൂപ കഴക്കൂട്ടത്ത് എത്തിക്കണമെന്ന് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പട്ടു. ഫോൺ വിളിക്കുന്നതിനിടെ നിഖിൽ ലൊക്കേഷനും പിതാവിന് അയച്ചുകൊടുത്തു. തുടർന്ന് നോർബെറ്റ് കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി മേനംകുളത്തിനടുത്ത് ഏലായിൽ ക്ഷേത്രത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടം പോലീസ് വളഞ്ഞു. പോലീസിനെ കണ്ടതോടെ നിഖിലിനെ ഉപേക്ഷിച്ചു സംഘം രക്ഷപ്പെട്ടു. നിഖിലിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. കൈയിലുണ്ടായിരുന്ന ഐഫോണും ബൈക്കും 28000 രൂപയും സംഘം തട്ടിയെടുത്തതായി നിഖിൽ പറഞ്ഞു. ഷഫീഖ്, ഷമീർ, റാംബോ രഞ്ജിത്, അഭിലാഷ്, അബിൻ, ഹരി എന്നിവരടങ്ങുന്ന 11 അംഗ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നുകാട്ടി പിന്നീട് മംഗലപുരം പോലീസിൽ പരാതിയും നൽകി.
പടക്കമെറിഞ്ഞ് രക്ഷപ്പെട്ടു
നിഖിലിന്റെ പരാതിയെത്തുടർന്ന് രണ്ടു തവണ പോലീസ് പ്രതികളുടെ വീട്ടിൽ എത്തിയപ്പോൾ പടക്കമെറിഞ്ഞശേഷം പ്രതികളിലൊരാളായ ഷെഫീഖ് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12.30യ്ക്കും രാത്രി 9 മണിക്കുമായിരുന്നു സംഭവം.
ഉച്ചയോടെ പ്രതികളുെ വീടായപാച്ചിറ ഷെഫീഖ് മൻസിലിൽരണ്ട് പോലീസുകാരാണ് ആദ്യം എത്തിയത്. പ്രതികൾ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയതിനാൽ മംഗലപുരം പോലീസ് സ്റ്റേഷനിൽനിന്ന് ജീപ്പിൽ കൂടുതൽ പോലീസ് സംഘം എത്തി വീട് വളഞ്ഞു.അപ്പോൾ നാടൻപടക്കമെറിഞ്ഞശേഷം ഷഫീഖും കൂട്ടാളി അബിനും രക്ഷപ്പെട്ടു. ഷമീർ പോലീസിന്റെ പിടിയിലായി.ഇതിനിടെയാണ് പ്രതികളുടെ മാതാവ് ഷീജ പോലീസിനു നേരേ മഴു എറിഞ്ഞത്.
തുടർന്ന് പോലീസ് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചു. ലോക്കപ്പിൽ കയറ്റുന്നതിനിടെ ഷമീർ നാക്കിനടിയിൽ ഒളിപ്പിച്ചിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പോലീസ് ഉടൻതന്നെ മെഡിഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പിന്നീട് വൈകീട്ടോടെ വാർഡിലേക്കു മാറ്റി.
രാത്രി ഒമ്പതോടുകൂടി ഷെഫീഖ് വീട്ടിലുണ്ടെന്നറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴും പടക്കമെറിഞ്ഞശേഷം ഷെഫിഖ് രക്ഷപ്പെട്ടു


Leave a comment