
12-01-2023
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പാർക്കിങ് സ്ഥലത്തിന് പുറത്തുവയ്ക്കുന്ന ഇരുചക്രവാഹനങ്ങളുടെ കാറ്റ് ട്രാഫിക് വാർഡൻമാർ തുറന്നുവിടുന്നതായി പരാതി. രോഗികൾക്കൊപ്പമെത്തുന്ന കൂട്ടിരിപ്പുകാരുടെയും സന്ദർശനത്തിനെത്തുന്ന ബന്ധുക്കളുടെയും വാഹനങ്ങളാണ് ഇത്തരത്തിൽ പഞ്ചറാക്കുന്നത്.
കിടപ്പുരോഗികൾക്കൊപ്പമുള്ളവർ രക്തപരിശോധനയ്ക്കും മറ്റുമായി ആശുപത്രിവളപ്പിലെ പല ലാബുകളിലേക്കും പോകുന്നതിനിടയിലാകും പണികിട്ടുന്നത്.
ഒന്നിനു പിന്നാലെ മറ്റൊരു ലാബിലേക്കും മരുന്ന് വാങ്ങാനുമുള്ള തിരക്കിനിടെ പാർക്ക് ചെയ്തിട്ട് പോകുന്ന വണ്ടികളുടെ ടയർ പഞ്ചറായ നിലയിലായിരിക്കും. പാർക്കിങ് അനുവദിക്കാത്ത ഇടത്തായതിനാലാണ് കാറ്റ് തുറന്നുവിട്ടത് എന്ന വിശദീകരണമാകും ട്രാഫിക് വാർഡൻമാർ നൽകുന്നത്.
രോഗിയെ സന്ദർശിക്കാനെത്തിയപ്പോൾ പണി കിട്ടിയവരുമുണ്ട്. രോഗികളും തിരക്കും കൂടുതലായ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് സ്ഥലമില്ലാത്തതിനാൽ സൗകര്യം കിട്ടുന്നയിടത്ത് വണ്ടി ഒതുക്കും. തിരിച്ചുവരുമ്പോഴാകും ടയർ പഞ്ചറായത് കാണുന്നത്.
കൂട്ടിരിപ്പുകാരുടെ നിരീക്ഷണത്തിലാണ് ട്രാഫിക് വാർഡൻമാരുടെ അതിക്രമം കണ്ടെത്തിയത്. അവരിലൊരാൾ, രണ്ടുപേർചേർന്ന് കാറ്റ് അഴിച്ചുവിടുന്ന ചിത്രം പകർത്തി സൂക്ഷിക്കുകയും ചെയ്തു. ആശുപത്രിവളപ്പിലെ പാർക്കിങ്ങും ഗതാഗതവും നിയന്ത്രിക്കുന്നത് ട്രാഫിക് വാർഡൻമാരാണ്.


Leave a comment